
ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. യുദ്ധസാഹചര്യം നീളുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കും റഷ്യയ്ക്കുമിടയിലെ വ്യാപാരം സംഭാഷണത്തിൽ ചർച്ചാ വിഷയമായി. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ തുടരും. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ ഉയർന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു.
2021ലെ പുടിന്റെ ഇന്ത്യ സന്ദശന വേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ മോദിയും പുടിനും തീരുമാനിച്ചു. ആഗോള തലത്തിൽ ഊർജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ നടപടികൾ സ്വീകരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
യുക്രൈന് മേൽ റഷ്യ ആക്രമണം തുടങ്ങിയേക്കും എന്ന ഘട്ടം മുതൽ തന്നെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആ നിലപാടിന് തന്നെയാണ് പുടിനുമായി ഫോണിൽ നടത്തിയ ചർച്ചയിലും പ്രധാനമന്ത്രി ഊന്നൽ നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam