
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഹിമാചലിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമർപ്പിക്കുകയും ഉനയിലെ വൻ ഔഷധ പാർക്കിന് തറക്കല്ലിടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, ചമ്പയിൽ ഒരു പൊതുചടങ്ങിൽ, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് തറക്കല്ലിടുകയും ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഉനയിൽ
ഉന ജില്ലയിലെ ഹരോളിയിൽ 1900 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന ബൾക്ക് ഡ്രഗ് പാർക്കിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പാർക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 20,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുകയും ചെയ്യും. ഈ മേഖലയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇത് ഊർജം പകരും.
ഉന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 2017ൽ പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്. നിലവിൽ 530-ലധികം വിദ്യാർത്ഥികൾ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നുണ്ട്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അംബ് അണ്ടൗറയിൽ നിന്ന് ദില്ലി വരെയാണ് ഈ ട്രെയിനിന്റെ സർവീസ്. ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണ്.
നൂതന സാങ്കേതിക വിദ്യയാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകത. ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത കൈവരിക്കാൻ കഴിവുള്ളതുമാണ്. വെറും 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാന്‍ സാധിക്കും. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ട്രെയിൻ ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സര്‍വ്വീസ് നടത്തും.
ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദി മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേക്കാണ് ഈ ട്രെയിൻ സര്‍വ്വീസ് നടത്തുന്നത്.
ബിജെപി നേതാവ് 16 ദളിതരെ ദിവസങ്ങളോളം പൂട്ടിയിട്ടെന്ന് ആരോപണം; ഗർഭിണിക്ക് കുഞ്ഞിനെ നഷ്ടമായി, കേസ്