
ദില്ലി: 2019ന് ശേഷം പ്രധാനമന്ത്രി 21 വിദേശയാത്ര നടത്തിയതായി വിദേശകാര്യമന്ത്രി വി മുരളീധരൻ പാർലമെന്റിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ യാത്രകൾക്കായി 22.76 കോടി ചെലവായി. ഇക്കാലയളവിൽ രാഷ്ട്രപതി എട്ട് വിദേശയാത്രകൾ നടത്തിയെന്നും 6.24 കോടി രൂപ ചെലവായെന്നും മന്ത്രി പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതേകാലത്ത് വിദേശകാര്യ മന്ത്രിമാർ നടത്തിയ യാത്രക്ക് 20 കോടി രൂപയും ചെലവായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശയാത്രകൾ നടത്തി. 2019മുതൽ പ്രധാനമന്ത്രി ജപ്പാനിലേക്ക് മൂന്ന് തവണയും യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് രണ്ട് തവണയും യാത്ര നടത്തി. പുതിയ രാഷ്ട്രപതി ദ്രൗപതി മുർമു ബ്രിട്ടനിലേക്ക് മാത്രമാണ് വിദേശ യാത്ര നടത്തിയത്. മറ്റ് ഏഴ് യാത്രകളും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നടത്തിയത്.
ലോക്സഭയില്‍ സമ്മേളനം തുടരുകയാണ്. അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാർലമെന്‍റ് രണ്ടാംദിനവും സ്തംഭിച്ചു. എന്നാല്‍ ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കർ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി.
അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോക്സഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു. സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. 16 പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.
കൂപ്പുകുത്തി അദാനി, നഷ്ടം 9.6 ലക്ഷം കോടി; സമ്പന്നപ്പട്ടികയിൽ ആദ്യ ഇരുപതിൽനിന്ന് പുറത്തേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam