
ഇന്ത്യയിലെ യുവതലമുറ പഴയകാലത്തെ അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണ്ണമായും മുക്തരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ ഇന്നത്തെ ജെൻ സി തലമുറയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികളും (മെക്കാളെ വിദ്യാഭ്യാസ രീതി) നിയമങ്ങളും ഇന്നും ഇന്ത്യക്കാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നുണ്ടെന്നും, അതിൽ നിന്ന് പുറത്തുകടക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ ഉൽപ്പന്നങ്ങളെ മാത്രം മികച്ചതായി കാണുകയും ഇന്ത്യൻ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന രീതി മാറണം. ഇതിനായി വിദേശത്തെ നല്ല കാര്യങ്ങൾ സ്വീകരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ കരുത്തിൽ അഭിമാനിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ അടിമത്ത മനോഭാവത്തിൽ നിന്ന് ഭാരതത്തെ പൂർണ്ണമായും മോചിപ്പിക്കാനുള്ള ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. 2035 ആകുമ്പോഴേക്കും ഈ കോളനിവൽക്കരണ ചിന്താഗതികൾ പൂർണ്ണമായും അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച അഞ്ച് തത്വങ്ങളിൽ (പഞ്ചപ്രാൺ) പ്രധാനമാണ് അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനവും നമ്മുടെ പൈതൃകത്തിലുള്ള അഭിമാനവും.
യുപിഎ സർക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന സങ്കീർണ്ണമായ നിയമങ്ങൾ യുവാക്കളുടെ മുന്നേറ്റത്തിന് തടസ്സമായിരുന്നു. എന്നാൽ ഇന്ന് കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്ത് യുവാക്കൾക്ക് മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നുനൽകിയിരിക്കുകയാണ്. സ്പേസ് സെക്ടർ മുതൽ ഡിഫൻസ് വരെയുള്ള മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. സ്വാമി വിവേകാനന്ദൻ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് പോലെ, ഇന്നത്തെ യുവാക്കൾ രാജ്യത്തിന്റെ വികസനത്തിൽ ക്രിയാത്മകമായി ഇടപെടണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam