
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർത്ഥികളെ നാടകീയമായി രക്ഷപ്പെടുത്തി പൊലീസ്. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികൾ പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പൊലീസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോയെന്ന് വ്യക്തമായി. അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ജോയ്ഡയിൽ ബൈക്കിൽ രണ്ട് കുട്ടികളുമായി പോയ ഒരാൾ അപകടത്തിൽപ്പെട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
ഓടിയെത്തിയ പൊലീസ് ധാർവാഡിൽ നിന്ന് കാണാതായ കുട്ടികളാണ് ഇതെന്ന് സ്ഥിരീകരിച്ചു. ബൈക്കിൽ നിന്ന് വീണപ്പോൾ ഇരുവർക്കും നേരിയ പരിക്കേറ്റിരുന്നു. തലയടിച്ച് വീണ ബൈക്കോടിച്ച മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല. ആരോഗ്യം വീണ്ടെടുത്താൽ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എന്തിനാണ് കരീം കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. കുട്ടികളെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സംഭവം സർക്കാർ സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam