
ദില്ലി : ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈസ്റ്റർ ദിനത്തിലെ പ്രധാനമന്ത്രിയുടെ സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശനം. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.
ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ഈസ്റ്റർ നാളിൽ കേരളത്തിലെ ബിജെപി നേതാക്കളും സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ചു. ക്രൈസ്തവസഭയുടെ വിശ്വാസം കൂടി ആർജ്ജിച്ചാണ് ബിജെപി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചത്. അടുത്ത ലക്ഷ്യം കേരളമെന്നാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം. കേരളത്തിൽ അധികാരത്തിലെത്താൻ ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ആഹ്വാനമാണ് ദേശീയ നേതൃത്വം മുന്നോട്ട് വെച്ചത്. ഉയിർപ്പിൻറെ നാളിൽ സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ച് ബിജെപി കേരള നേതാക്കൾ ആശംസകൾ നേർന്നു. തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ അടക്കമുള്ളവരെയാണ് ബിജെപി നേതാക്കൾ കണ്ടത്. താമരശ്ശേരി ബിഷപ്പിനെ ഇന്നലെ സുരേന്ദ്രൻ കണ്ടിരുന്നു. അരമനകളിലും ആരാധനാലയലങ്ങളിലും വീടുകളിലും കിട്ടുന്ന സ്വീകരണം മാറ്റത്തിൻറെ സൂചനയായാണ് ബിജെപി വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam