
ദില്ലി: നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകും. ഇന്നലെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച നരേന്ദ്രമോദി ഇന്ന് രാജ്യസഭയിലും അത് തുടരുമെന്നാണ് വിലയിരുത്തലുകൾ. കൊവിഡ് കാലത്ത് കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി ലോക്സഭയിൽ വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞത്
ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. പാര്‍ലമെന്‍റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിന് ഇല്ലെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം കൊവിഡിനെതിരെ പോരാടുന്നു. 80% പേരും പൂര്‍ണ്ണ വാക്സിനേറ്റ് ചെയ്യപ്പെട്ടു. അത് വലിയ നേട്ടമാണ്. എന്നാല്‍, കൊവിഡിനെ പോലും കോണ്‍ഗ്രസ് രാഷ്ട്രീയവത്ക്കരിക്കാനാണ് നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നന്ദിപ്രമേയത്തിന് മറുപടി പറയുമ്പോഴും രാഹുല്‍ ഗാന്ധി സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ജനം തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം. നിങ്ങളുടെ ധിക്കാരം കാരണമെന്ന് മുമ്പോട്ട് പോകാന്‍ കഴിയാത്തത്. സാധാരണക്കാരുമായി ഒരു ബന്ധവും ഈ പാർട്ടിക്ക് ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പ് എന്ന കുറുക്ക് വഴിമാത്രമല്ല നോക്കേണ്ടതെന്നും മോദി പറഞ്ഞു. രാഷ്ട്രീയാന്ധതയിൽ കോണ്‍ഗ്രസ് മര്യാദകൾ മറന്നു. ജനാധിപത്യത്തെ അപമാനിക്കുന്നു. ഉത്തർപ്രദേശിൽ കൊവിഡ് പടർത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചത്. രാഷ്ട്ര വികസനത്തിൽ ഗാന്ധിയുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസ് വിചാരിച്ചത് കൊവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. കൊവിഡിൽ പ്രതിച്ഛായ ഇടിയുമെന്നും കരുതി. അടുത്ത നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല. ഈ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി. കൊറോണയ്ക്ക് പിന്നാലെ പുതിയ ലോകക്രമം രൂപപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തിൽ കൊവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു. ലത മങ്കേഷ്ക്കർ രാജ്യത്തിന് എന്നും പ്രചോദനമാണെന്നും മോദി അനുസ്മരിച്ചു.
കൊവിഡ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ ഗുണം ചെയ്തു. കർഷകരുടെ എല്ലാ ബാധ്യതകളും സർക്കാർ ഏറ്റെടുത്തു. ഒരു കർഷകനെ പോലും ദുരിതത്തിലേക്ക് തളളി വിട്ടില്ല. കൊട്ടാരങ്ങളിൽ കഴിയുന്ന കോൺഗ്രസ് നേതാക്കൾ കർഷകരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞില്ല. ചെറിയ കർഷകനെ പോലും ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇപ്പോഴും കോൺഗ്രസ് നേതാക്കളിൽ പലരും കൊളോണിയൽ മനോഭാവത്തിൽ കഴിയുകയാണെന്നും മോദി വിമര്‍ശിച്ചു.
വ്യവസായികളെ കൊവിഡ് വകഭേദങ്ങളെന്ന് വിളിച്ച് രാഹുൽ അപമാനിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി മുൻകാല അഴിമതിയുടെ വേരറുത്തു. സാമ്പത്തിക പരിഷ്ക്കാരങ്ങളെ പരിഹസിച്ച് പി ചിദംബരം വലിയ ലേഖനങ്ങൾ എഴുതി. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞിരുന്നോ എന്നും മോദി ചോദിച്ചു. ചിദംബരം സാധാരണക്കാരനെയാണ് പരിഹസിക്കുന്നത്. ഉത്തരവാദിത്തബോധത്തോടെ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഈ സർക്കാരുണ്ട്. രാജ്യം ദുരിതം അനുഭവിച്ചത് കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ്. ദാരിദ്യ നിർമ്മാർജ്ജനമെന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. എന്നാൽ ദാരിദ്യം മാറിയില്ല. ഒടുവിൽ 44 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. ദരിദ്രമായത് കോൺഗ്രസാണ്. പാവപ്പെട്ടവർ കോൺഗ്രസിനെ തുടച്ച് നീക്കി. ദരിദ്ര ജന വിഭാഗത്തേയും കോൺഗ്രസ് രാഷ്ടീയ നേട്ടത്തിന് ഉപയോഗിച്ചു. പാവപ്പെട്ടവരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam