
ദില്ലി: കൊവിഡ് അനിയന്ത്രിതമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതൽ 19 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീയുഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും എൻസിപിയുടെയും വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോയലിന്റെ വാക്കുകൾ. കൊവിഡ് പ്രതിരോധങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നും പീയുഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ കേന്ദ്രസർക്കാർ മെഡിക്കൽ ഓക്സിജൻ വിതരണത്തിനുള്ള വഴി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
6177 മെട്രിക് ടൺ ഓക്സിജൻ ആണ് സംസ്ഥാനങ്ങൾക്ക് നൽകാനിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കായിരിക്കും ഇതിൽ കൂടുതൽ അളവ് ലഭിക്കുക. 1500 മെട്രിക് ടൺ ഓക്സിജനാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുകയാണ് കേന്ദ്രമെന്നും ഗോയൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 261500 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 1501 പേർ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam