റഡാറിന് പിന്നാലെ വിവാദമായി ഇമെയിൽ അവകാശവാദം; ആഘോഷമാക്കി മോദി വിരുദ്ധർ , നാവുപിഴയെന്ന് ബിജെപി

By Web TeamFirst Published May 13, 2019, 2:02 PM IST
Highlights

87-88 കാലഘത്ത് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി. ഈ ക്യാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ഇമെയിലിലൂടെ അയച്ചുകൊടുത്തുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 

ദില്ലി: മേഘത്തെ മറച്ച റഡാറിനു  പിന്നാലെ മോദിയുടെ ഇമെയിൽ അവകാശവാദവും   വിവാദത്തിൽ. 1988ല്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെന്നും ഇതുപയോഗിച്ച് എല്‍കെ അദ്വാനിയുടെ ചിത്രമെടുത്ത് ഇ മെയിലിലൂടെ അയച്ചു കൊടുത്തുവെന്നുമാണ് മോദിയുടെ അവകാശവാദം. രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തരുതെന്നായിരുന്നു കോൺഗ്രസ്‌ പ്രതികരിച്ചത്. 

കാർമേഘങ്ങൾ ഉള്ളതിനാൽ പോർ വിമാനങ്ങൾ റഡാറിൽ പെടില്ല. സമൂഹമാധ്യമങ്ങളിൽ മോദി വിരുദ്ധർ ആഘോഷമാക്കിയ പരാമർശത്തിന് പിന്നാലെയാണ് ഇ മെയിൽ അവകാശവാദമെത്തുന്നത്.  മേഘ പരാമർശം നടത്തിയ  അതേ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശവും. 

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് സാങ്കേതികവിദ്യയോട് താത്പര്യമുണ്ടായിരുന്നു. 90ല്‍ ടച്ച്‌സ്‌ക്രീനില്‍ ഉപയോഗിക്കുന്ന പേന വാങ്ങി. 87-88 കാലഘത്ത് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി. ഈ ക്യാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ഇമെയിലിലൂടെ അയച്ചുകൊടുത്തുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 

വിഎസ്എന്‍എല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചത് 1995ല്‍ ആണെന്നും മോദിയുടെ പ്രസ്താവന കളവാണെന്നും വിമര്‍ശകര്‍ വിശദമാക്കുന്നു. കാലത്തിനും മുൻപേ സഞ്ചരിച്ചയാളാണോ മോഡിയെന്നായിരുന്നു കോൺഗ്രസ്‌ പരിഹാസം. എന്നാല്‍ മോദിയുടേത് നാക്കുപിഴയെന്നാണ് അനുകൂലികളുടെ വിശദീകരണം.  എന്തായാലും മേഘ പരാമർശത്തിന്  പിന്നാലെ ഇമെയിൽ ട്രോളുകളും പ്രധാനമന്ത്രിക്ക് എതിരെ വ്യാപകമാവുകയാണ്. 

click me!