
ദില്ലി: ദേശീയ ലോക്ക്ഡൗൺ നാളെ നാല്പത്തഞ്ചു ദിവസം പിന്നിടുമ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായുടെ തുടരുന്ന മൗനമാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാവുന്നത്. രണ്ടാമൂഴത്തിൽ ഒരു വർഷം പൂർത്തിയാക്കുമ്പോൾ സർക്കാരിന്‍റെ ശബ്ദവും മുഖവും വീണ്ടും നരേന്ദ്ര മോദി മാത്രമാകുകയാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ രണ്ടാമൂഴം തുടങ്ങിയിട്ട് മേയ് മുപ്പതിന് ഒരു വർഷം പൂര്‍ത്തിയാകുകയാണ്. ആദ്യ മോദി സർക്കാരിൻറെ മുഖം മോദി മാത്രമായിരുന്നു. എന്നാൽ രണ്ടാം സർക്കാരിൽ ആദ്യ പത്തുമാസം മോദിയെക്കാൾ നിറഞ്ഞു നിന്നത് അമിത് ഷാ ആണ്. ആദ്യം ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി മാറ്റാനുള്ള തീരുമാനം, പൗരത്വനിയമഭേദഗതി, പി ചിദംബരത്തിന്‍റെ അറസ്റ്റ് തുടങ്ങി ആക്രമണശൈലിയിലൂടെ അമിത് ഷാ സർക്കാരിന്‍റെ മുഖവും ശബ്ദവുമായി. എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തു കൊണ്ട് മുൻനിരയിലില്ല എന്നചോദ്യം സജീവമായിരുന്നെങ്കിൽ കൊവിഡ് സാഹചര്യത്തോടെ കഥമാറി .
രാജ്യത്തോടുള്ള അഭിസംബോധന, സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയം, വിദേശകൂട്ടായ്മകളെ സജീവമാക്കാനുള്ള ഇടപെടൽ. ഇതെല്ലാം വഴി സർക്കാരിന്‍റെ മുഖം മോദി മാത്രമാകുകയാണ് .അമിത് ഷാ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിൽ മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിൽ പോലും ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ സമിതിയുടെ നേതൃത്വം രാജ്‍നാഥ് സിംഗിനും. മോദിക്കും ഷായ്ക്കുമിടയിൽ എന്തെങ്കിലും ആശയവിനിമയ അകൽച്ച ഉണ്ടെന്ന ഒരുസൂചനയും തല്ക്കാലം ഇല്ല.
എന്നാൽ മോദിയാണ് കമാൻഡ് എന്ന സന്ദേശം എല്ലാ തരത്തിലും നല്കാനുള്ള ശ്രമം ഇത്തവണ പ്രധാനമന്ത്രിയുടെ ഓഫീസിലും
ദൃശ്യമാകുന്നുണ്ട് . ചൊവ്വാഴ്ച ഗുജറാത്തിലെ ഉദ്യോഗസ്ഥമാറ്റത്തിൽ മോദിയുടെ നേരിട്ടുള്ള ഇടപെടൽ ദ്യശ്യമായി. ഷായോട് ചേർന്ന് നില്ക്കാൻ നോക്കുന്ന വിജയ് രൂപാണിയുടെ വിശ്വസ്തരെയാണ് പ്രധാനമന്ത്രി മാറ്റിയത്.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളെ കൂടെ നിറുത്താനുള്ള തന്ത്രമാണിതെന്ന വാദത്തോടെയാണ് ബിജെപി നേതാക്കൾ അമിത് ഷായുടെ മൗനവും മോദിയുടെ മുന്നോറ്റവും സംബന്ധിച്ച ചർച്ചകളെ പ്രതിരോധിക്കുന്നത്. എന്നാൽ നരേന്ദ്രമോദിയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ച തൽക്കാലം വേണ്ടെന്ന വിലയിരുത്തലിന് ഇടം നല്കുന്ന സൂചനകളാണ് ഈ കൊവിഡ് കാലത്ത് സർക്കാരിൽ നിന്ന് പുറത്തുവരുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam