അഫ്ഗാൻ സ്ഥിതി വിലയിരുത്തി ഇന്ത്യ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലെ യോഗം പൂർത്തിയായി

By Web TeamFirst Published Sep 6, 2021, 5:50 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്ഥാൻ സഹായിക്കുകയാണ്. താലിബാനും ഹഖ്ഖാനി നെറ്റ് വർക്കും തമ്മിലുള്ള തർക്കം തീർക്കാനുള്ള ഇടപെടലും ഐസ്ഐ നടത്തുന്നു എന്നാണ് സൂചന.  

ദില്ലി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുന്നത് വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പാക് ചാര സംഘടനയായ ഐഎസ്ഐ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന പരസ്യ ഇടപെടലും യോഗം വിലയിരുത്തി. അഫ്ഗാനിസ്ഥാനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്ഥാൻ സഹായിക്കുകയാണ്. താലിബാനും ഹഖ്ഖാനി നെറ്റ് വർക്കും തമ്മിലുള്ള തർക്കം തീർക്കാനുള്ള ഇടപെടലും ഐസ്ഐ നടത്തുന്നു എന്നാണ് സൂചന.  ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. 

വടക്കൻ പ്രവിശ്യയിലെ നേതാക്കൾ ഇന്ത്യയുമായുള്ള ബന്ധം തുടരുന്നുണ്ട് എന്നാണ് സൂചന. താലിബാനോടുള്ള പഴയ അകൽച്ച  വേണ്ടെന്നും അവരെ അംഗീകരിക്കണമെന്നും മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ നിർദ്ദേശിച്ചു. അഫ്ഗാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന കാര്യവും ചർച്ചയായി.  അഫ്ഗാനിസ്ഥാനിലെ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നൽകിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ -വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി. 

ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്ക് യുഎൻ ഓഫീസിനു മുന്നിൽ സമരത്തിലാണ്. ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്നതാണ് പുതിയ നിർദ്ദേശം. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞേ പാടുള്ളു എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഫ്ഗാൻ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയേക്കും. പാകിസ്ഥാൻറെ ചാര സംഘടനയുടെയും ഭീകരഗ്രൂപ്പുകളുടെയും ഇടപെടലിൽ ഉള്ള അത്യപ്തിയാകും ഇന്ത്യ അറിയിക്കുക.

click me!