
ചെന്നൈ: ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്നലെ രാഹുൽ തന്നെ കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്. മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ-കോൺഗ്രസ്സ് സഖ്യം തകരുന്നതായും രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
സ്റ്റാലിൻ സ്ത്രീവിരുദ്ധനാണ്. വനിത ബില്ല് പാസാകാത്തത് സ്റ്റാലിനും കുടുംബവും ആഘോഷിച്ചത് ഞെട്ടിച്ചു. സ്റ്റാലിൻ പടക്കം പൊട്ടിക്കുന്നത് കണ്ടപ്പോൾ തമിഴ്നാട്ടിലെ സ്ത്രീകളോടുള്ള അനീതിയാണ് വ്യക്തമായത്. സ്റ്റാലിൻ കുടുംബം പുരുഷാധിപത്യം നിറഞ്ഞ കൂട്ടരാണ്. തമിഴ്നാട്ടിലെ സ്ത്രീകൾ അവിശുദ്ധ സഖ്യത്തോട് പൊറുക്കില്ലെന്നും പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ഡിഎംകെ-കോൺഗ്രസ്സ് സഖ്യം തകരുകയാണ്. രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞു. തമിഴ്നാട് എൻഡിഎയിൽ എല്ലാം ഭദ്രമാണ്. സ്റ്റാലിൻ നുണയനാണ്. തമിഴ്നാട്ടിലെ സ്ത്രീകളോട് മാപ്പ് പറയണം. ഉദയനിധിയെ മുഖ്യമന്ത്രി ആക്കില്ലെന്ന് സ്റ്റാലിന് വാക്ക് നൽകാനാകുമോ? സ്റ്റാലിനെ വെല്ലുവിളിക്കുകയാണ്. രാഹുലും സ്റ്റാലിനും ഒരേവേദിയിൽ എത്താത്തത് എന്തുകൊണ്ടാണ്. ഉദയനിധിയെ മുഖ്യമന്ത്രി ആക്കുമെന്ന് രാഹുലിന് അറിയാം. അതുകൊണ്ടാണ് രാഹുൽ വേദി പങ്കിടാൻ തയാറാകാത്തതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam