'ചില പദ്ധതികൾ അങ്ങനെയാണ്, ആദ്യം അരോചകമായേക്കാം, പക്ഷേ...', പ്രധാനമന്ത്രി

Published : Jun 20, 2022, 05:18 PM ISTUpdated : Jun 20, 2022, 05:58 PM IST
'ചില പദ്ധതികൾ അങ്ങനെയാണ്, ആദ്യം അരോചകമായേക്കാം, പക്ഷേ...', പ്രധാനമന്ത്രി

Synopsis

അഗ്നിപഥ് സ്കീമിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുമ്പോഴും, റിക്രൂട്ട്മെന്‍റുമായി മൂന്ന് സേനകളും മുന്നോട്ട് പോവുകയാണ്. കരസേനയുടെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയിരുന്നു. 

ദില്ലി: ഹ്രസ്വകാലസൈനിക സേവനപദ്ധതിയായ 'അഗ്നിപഥി'നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു. 

''ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കു''മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ 'അഗ്നിപഥി'നെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയ്യാറായില്ല. 

ഇന്ന് ചില സംഘടനകൾ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളും ബന്ദ് അനുവദിക്കില്ലെന്നും, കർശനജാഗ്രത ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഹാറടക്കം പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ പലയിടങ്ങളിലും തീവണ്ടി കത്തിക്കലുൾപ്പടെ നടന്നതിനാൽ 500-ലധികം തീവണ്ടികൾ റദ്ദാക്കിയിരിക്കുകയാണ്. 

ആദ്യവിജ്ഞാപനമിറങ്ങി

അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭടപദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. ഇന്ന് ചില സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെതിരായ സുരക്ഷനടപടികൾ പലയിടത്തും ജനജീവിതത്തെ ബാധിച്ചു. 529 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാലു വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല. 

അറിയിപ്പ് വരുന്ന ദിവസം സേനയുടെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയ്ക്കുള്ള നിർദ്ദേശം സർക്കാർ നല്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകൾ ഭാരത് ബന്ദിന് ഇന്നലെ ആഹ്വാനം ചെയ്ത സാഹചര്യത്തിലുള്ള സുരക്ഷ നടപടി പല സംസ്ഥാനങ്ങളിലും ജനങ്ങളെ വലച്ചു. യുപി - ദില്ലി, യുപി - ഹരിയാന അതിർത്തികളിൽ ഗതാഗതം ഉച്ചവരെ സ്തംഭിച്ചു. 

ഝാർഖണ്ടിൽ സ്കൂളുകൾ അടഞ്ഞു കിടന്നു. ആകെ 529 ട്രെയിനുകൾ റദ്ദാക്കിയതോടെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി. 181 എക്സ്പ്രസ് ട്രെയിനുകളും 348 പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഇതിനിടെ അഗ്നിവീറുകളെ നിയമിക്കുമെന്ന് സ്വകാര്യ കമ്പനികളും പ്രഖ്യാപിച്ചു തുടങ്ങി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഗ്നിവീറുകളെ സ്വാഗതം ചെയ്തു. പദ്ധതിയെ നൗക്രി ഡോട്ട് കോം സ്ഥാപനകൻ സഞ്ജീവ് ബിക്ക്ചന്ദാനിയും സ്വാഗതം ചെയ്തു. സ്വകാര്യമേഖലയുടെ സഹകരണം തേടുമെന്ന് ഇന്നലെ സേനകൾ അറിയിച്ചിരുന്നു.

യുവാക്കളുടെ രോഷം തണുപ്പിക്കാനുള്ള രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയും തയ്യാറെടുക്കുകയാണ്. മന്ത്രിമാർ ഓരോ സംസ്ഥാനത്തുമെത്തി പദ്ധതി വിശദീകരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ