രാഹുലിന്റെ പരിഹാസത്തിന് മോദിയുടെ മറുപടി; 'സമുദ്രത്തിലിറങ്ങി പ്രാർത്ഥിച്ചതിനെ രാഹുൽ ​അധിക്ഷേപിച്ചു'

By Web TeamFirst Published Apr 19, 2024, 2:11 PM IST
Highlights

 ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസവും ഹിന്ദുത്വ വിഷയങ്ങൾ ഉന്നയിച്ച് ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെ രാഹുൽ ​ഗാന്ധി അധിക്ഷേപിച്ചെന്നും, വോട്ടിന് വേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു.

രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ അവ​ഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്ന് രാഹുൽ ​ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു. ഉത്തർപ്രദേശിലെ അമ്രോഹയിലെ റാലിയിലാണ് രാഹുലിന് മോദിയുടെ മറുപടി. ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും മോദി കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ്:ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്, ബംഗാളിലും മണിപ്പൂരിലും സംഘർഷം, വോട്ട് ചെയ്ത് പ്രമുഖർ

അതേസമയം മോദിയുടെ ഹിന്ദുത്വം പട്ടിജാതി പട്ടികവർ​ഗ വിഭാ​​ഗക്കാർക്ക് എതിരാണെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ വിമർശിച്ചു. രാജ്യത്തെ പ്രഥമ വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കും പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനും ക്ഷണിക്കാഞ്ഞത് അവർ ദളിതരായതുകൊണ്ടാണ്. താൻ രാമക്ഷേത്രത്തിൽ പോയാൽ ബിജെപി സഹിക്കുമോയെന്നും ഖർ​ഗെ ഒരു ഇം​ഗ്ലീഷ് ദിനപത്രത്തോട് സംസാരിക്കവേ പറഞ്ഞു. മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞത് ബിജെപിയുടെ നയമല്ലെങ്കിൽ പറഞ്ഞവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഖർ​ഗെ ചോദിച്ചു. 

 


 

click me!