
ദില്ലി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരോട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കഠിനമായ ഈ കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും പുറത്തിറങ്ങുമ്പോൾ വെള്ളം കരുതാനും, മറ്റുള്ളവർക്ക് കുടിവെള്ളം നൽകി സഹായിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. തലകറക്കം, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ചൂട് മൂലമുള്ള അമിത തളർച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ആർക്കെങ്കിലും അസ്വസ്ഥതയോ, ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അവരെ തണലുള്ള തണുത്ത സ്ഥലത്തേക്ക് മാറ്റാനും വെള്ളവും ഒആർഎസ്സും ലഭ്യമാക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കടുത്ത ചൂടിൽ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് സൂര്യഘാത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
ഉഷ്ണതരംഗ സമയത്ത് പ്രായമായ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രിയപ്പെട്ടവരുടെയും വിവരങ്ങൾ പതിവായി അന്വേഷിക്കണമെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ഉച്ചവെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ആവശ്യത്തിന് വിശ്രമിക്കാനും അവരെ ഓർമ്മിപ്പിക്കണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ കാരുണ്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പക്ഷികൾക്കും മൃഗങ്ങൾക്കുമായി വീടുകൾക്ക് പുറത്തും, ബാൽക്കണി, ടെറസ്, കടകൾ, ഓഫീസുകൾ എന്നിവടങ്ങളിലും പാത്രങ്ങളിൽ വെള്ളം കരുതിവെയ്ക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam