സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

By Web TeamFirst Published May 23, 2021, 4:01 PM IST
Highlights

പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന വിലയിരുത്തലുമുണ്ട്

ദില്ലി: സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേർന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്. 

പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്. ആകെ കൊവിഡ് കേസുകൾ ഇന്ന് രണ്ടര ലക്ഷത്തിന് താഴെയെത്തി. പ്രതിദിന മരണസംഖ്യ 3741 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ മൂന്നു ലക്ഷത്തിന് അടുത്തെത്തി. ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1600 ആയി കുറഞ്ഞു. ഒരാഴ്ച കൂടി ലോക്ക്ഡൗൺ തുടരുമെന്നും പ്രതിദിന കേസുകൾ ആയിരത്തിന് താഴെ എത്തിയാൽ 31 മുതൽ അൺലോക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള രോഷം തണുപ്പിക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് എംപിമാർക്ക് ബിജെപി നൽകിയിരിക്കുന്ന നിർദ്ദേശം. രണ്ടാം നരേന്ദ്ര മോദി സർക്കാർ ഈ ആഴ്ച രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ ആഘോഷങ്ങൾ വേണ്ടെന്ന നിർദ്ദേശമാണ് അണികൾക്ക് ബിജെപി നൽകിയിരിക്കുന്നത്. ആദ്യ തരംഗത്തിൽ ദേശീയ ലോക്ക്ഡൗൺ രണ്ട് മാസത്തിലധികം നീണ്ടു നിന്നെങ്കിൽ ഇത്തവണ ഒരു മാസത്തിൽ സംസ്ഥാനങ്ങൾ അൺലോക്കിനെക്കുറിച്ച് ആലോചിച്ച് തുടങ്ങി. ഈ പ്രവണത തുടർന്നാൽ ഓഗസ്റ്റിലെങ്കിലും പരീക്ഷകൾ പൂർത്തിയാക്കാനാവുമോ എന്ന് കേന്ദ്രം ആലോചിക്കും.  

click me!