
ദില്ലി: രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഗുരുദ്വാരയിലെത്തി പ്രാർത്ഥന നടത്തി. ഗുരു തേജ് ബഹാദൂറിന്റെ ശവകൂടീരം സന്ദർശിച്ച് അനുഗൃഹീതനായി. ഗുരുവിന്റെ ജീവിത ത്യാഗം തന്നെ പ്രചോദിപ്പിച്ചുവെന്നും സന്ദർശന ശേഷം മോദി ട്വിറ്ററിൽ കുറിച്ചു'.
അതേസമയം, ദില്ലിയിലെ കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam