
ദില്ലി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി (Ukraine Rescue Operation) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM MODI) നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു. യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാദൗത്യത്തിന്‍റെ പുരോഗതി വിലയിരുത്താനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ഉന്നത തല യോഗം ചേര്‍ന്നത്. വെടിനിര്‍ത്തലിനായുള്ള സമ്മര്‍ദ്ദം തുടര്‍ന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനാണ് തീരുമാനം.
അതേസമയം ഓപ്പറേഷൻ ഗംഗയിലൂടെ 2600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.13 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
വെല്ലുവിളിയായി സുമിയിലെ രക്ഷാദൗത്യം
കര്‍ഖീവ്, പിസോച്ചിന്‍ നഗരങ്ങളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശ കാര്യമന്ത്രാലയം.സുമിയിലെ രക്ഷാ ദൗത്യം വെല്ലുവിളിയായി തുടരുകയാണ് . കര്‍ഖീവില്‍ 300 ഉം പിസോച്ചിനില്‍ 298 ഉം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു വിദേശ കാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. എംബസി ഒരുക്കിയ ബസുകളില്‍ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. രക്ഷാദൗത്യം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച സുമിയാണ് വെല്ലുവിളിയായി മുന്‍പിലുള്ളത്. ഷെല്ലാക്രമണം ഇപ്പോഴും തുടരുന്നതിനാല്‍ രക്ഷാ ദൗത്യം നടത്താനാകുന്നില്ല. വിദേശ കാര്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പുകള്‍ പാലിച്ച് സുരക്ഷിതരായി തുടരാനാണ് കുടുങ്ങി കിടക്കുന്ന. ആയിരത്തോളം പേര്‍ക്കുള്ള നിര്‍ദ്ദേശം. സുമിയടക്കമുള്ള കിഴക്കന്‍ യുക്രൈന്‍ നഗരങ്ങളില്‍ കൂടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള സമ്മര്‍ദ്ദം ഇന്ത്യ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
വെടിനിർത്തൽ കഴിഞ്ഞു, യുദ്ധം തുടരുന്നു
യുക്രൈൻ-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യൻ പ്രസിഡന്‍റ് പുടിനുമായടക്കം ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തും. യുക്രൈൻ യുദ്ധമടക്കം സന്ദർശനത്തിൽ ചർച്ചയാകും.
നാറ്റോയുമായി യുദ്ധത്തിനും സജ്ജമെന്ന് പുടിൻ
യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പുടിൻ പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.