PM Security Failure : സുരക്ഷ വീഴ്ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാ‌ർ

By Web TeamFirst Published Jan 6, 2022, 12:05 PM IST
Highlights

ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു.

ദില്ലി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ചയിൽ (Securtiy Lapse) അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് പഞ്ചാബ് സ‍ർക്കാർ (Punjab Government). ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജിയെത്തിയിട്ടുണ്ട്. 

ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കും. 

അതിനിടെ പഞ്ചാബ് സർക്കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കൾ പഞ്ചാബ് ഗവർണ്ണറെ കണ്ടു. സംഭവത്തിൽ ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.  

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണെന്ന് വ്യക്തമായിട്ടുണ്ട്. റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി. പ്രധാനമന്ത്രി റോഡ്മാർഗ്ഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന പറയുന്നു. 

സംഭവിച്ചത് എന്ത് ?

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നൽകി.

എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ലൈ ഓവറിൽ കിടന്നു. എസ്പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്‍റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് രോഷം മറച്ചു വച്ചില്ല. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരുകയാണ്.

click me!