
ദില്ലി: കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിവസമായി. ഇതിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ മാതൃകയാക്കുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. നമ്മളാരും ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങളും ഒറ്റക്കെട്ടാണ്.
കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാൽക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.
ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam