പ്രധാനമന്ത്രി ബം​ഗാളിലേക്ക്; ഉംപൂൺ ബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തും

Published : May 22, 2020, 09:19 AM ISTUpdated : May 22, 2020, 01:42 PM IST
പ്രധാനമന്ത്രി ബം​ഗാളിലേക്ക്; ഉംപൂൺ ബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തും

Synopsis

ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 76 പേരും ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

ദില്ലി: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും ഉംപൂൺ ബാധിത മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിത ബാധിതമേഖലകളിൽ ആവും ആദ്യം എത്തുക. തുടർന്ന്   ഒഡീഷയിലേക്ക് തിരിക്കും. ഹെലികോപ്റ്ററിൽ മോദിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. 

ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ എഴുപത്തിആറ് പേരും ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്. ആകാശനിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി അവലോകന യോഗത്തിലും പങ്കെടുക്കും. ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, രണ്ട് ദിവസത്തിനകം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താൻ ഒഡിഷ സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. 89 ബ്ലോക്കുകളിലായി 4,480 പേരെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാലസോർ, ഭദ്രക്, ജഗത്സിങ് പൂർ ജില്ലകളിലാണ് നാശ നഷ്ടങ്ങൾ ഏറെയും ഉണ്ടായത്. ഒരു ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നാശം എന്നും വിലയിരുത്തുന്നു.

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്