
മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ എംഡി ജോയ് തോമസിനെ ഒക്ടോബർ 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജോയ് തോമസിനെ ചോദ്യം ചെയ്യുന്നത് തുടരും. ബാങ്ക് മുൻ ചെയർമാന്‍ വാര്യം സിംഗ് ഉടൻ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.
ജോയ് തോമസിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് സ്ഥാപനം എച്ച്ഡിഐഎലിന്‍റെ ഉടമകളും ജോയ് തോമസിന്‍റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയതോടെയാണ് ജോയ് തോമസിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്. ബാങ്കിന്‍റെ 70 ശതമാനത്തിലധികം വായ്പയും എച്ച്ഡിഐഎലിന് മാത്രമായി നൽകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നിൽ ജോയ് തോമസിനും മുൻ ബാങ്ക് ചെയർമാൻ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസിൽ എച്ച്ഡിഐഎല്ലിന്‍റെ രണ്ട് ഡയറക്ടർമാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വൻ തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്‍റെ ഡയറക്ടർമാർക്കെതിരായ നടപടി.
Read More: പഞ്ചാബ്- മഹാരാഷ്ട്രാ ബാങ്ക് തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍
റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിക്ഷേപകർ വലയുന്നതിനിടെയാണ് കേസിൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലർക്കായി ആകെ നൽകിയ വായ്പ 8880 കോടിയാണ്. ഇതിൽ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്.
വായ്പ അനുവദിക്കുന്ന വിവരം ബോർഡ് അംഗങ്ങളിൽ നിന്നും ഓഡിറ്റർമാരിൽ നിന്നും മറച്ച് വച്ചെന്ന് സസ്പെൻഷനിലായ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് റിസർവ് ബാങ്കിനയച്ച കത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam