6500 കോടിയുടെ തട്ടിപ്പ്; പിഎംസി മുൻ എംഡി ജോയ് തോമസ് അറസ്റ്റിൽ

By Web TeamFirst Published Oct 4, 2019, 11:15 PM IST
Highlights

പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്‍റെ ഡയറക്ടർമാർ ഇന്നലെ അറസ്റ്റിലായിരുന്നു. എച്ച്ഡിഐഎല്ലിന് വഴി വിട്ട് വായ്പ നൽകിയ നടപടിയാണ് ജോയ് തോമസിനെ കുടുക്കിയത്.


പ‍ഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ ബാങ്കിന്റെ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് അറസ്റ്റിൽ. മുംബൈ പൊലീസിലെ  സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. ജോയ് തോമസിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ  റിയൽ എസ്റ്റേറ്റ് സ്ഥാപനം  HDIL ന്‍റെ ഉടമകളും ജോയ് തോമസിന്‍റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയതോടെ അറസ്റ്റ് ഉറപ്പായിരുന്നു. ബാങ്കിന്‍റെ 70 ശതമാനത്തിനലധികം വായ്പയും HDIL ന് മാത്രമായി നൽകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നിൽ ജോയ് തോമസിനും മുൻ ബാങ്ക് ചെയ‍ർമാൻ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസിൽ എച്ച്ഡിഐഎല്ലിന്‍റെ രണ്ട് ഡയറക്ടർമാർ ഇന്നലെയാണ് അറസ്റ്റിലായത്. വൻ തുക വായ്പ എടുത്ത് തിരിച്ചയ്ക്കാതിരുന്നതിനെതിരെയായിരുന്നു റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്‍റെ ഡയറക്ടർമാർക്കെതിരായ നടപടി.

Read More: പഞ്ചാബ്- മഹാരാഷ്ട്രാ ബാങ്ക് തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിക്ഷേപകർ വലയുന്നതിനിടെയാണ് കേസിൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലർക്കായി ആകെ നൽകിയ വായ്പ 8880 കോടിയാണ്. ഇതിൽ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്.
വായ്പ അനുവദിക്കുന്ന വിവരം ബോർഡ് അംഗങ്ങളിൽ നിന്നും ഓഡിറ്റർമാരിൽ നിന്നും മറച്ച് വച്ചെന്ന് സസ്പെൻഷനിലായ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് റിസർവ് ബാങ്കിനയച്ച കത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു.


 

click me!