
ദില്ലി: ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിറക്കിൽ പറയുന്നു.
നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിൾ ശേഖരിച്ചതിൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ പഠനത്തിന്റ ഭാഗമായുള്ള പരിശോധനയിൽ കണ്ടെത്തിയതാണെന്നും, ഈ കേസുകൾക്ക് ചൈനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കർശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ചൈന വിശദീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടനക്കാണ് ചൈന വിശദീകരണം നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കൊവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam