ഇന്ത്യക്ക് പുതിയ തലവേദന: അത്യാധുനിക മുങ്ങിക്കപ്പലുമായി പാകിസ്ഥാൻ ബംഗാൾ ഉൾക്കടലിലേക്ക്; ഹംഗോർ ക്ലാസ് അന്തർവാഹിനി കറാച്ചിയിലെത്തി

Published : Jun 18, 2026, 11:29 AM IST
PNS Hangor submarine

Synopsis

പാകിസ്ഥാൻ 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാൾ ഉൾക്കടലിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. ചൈനയിൽ നിന്ന് വാങ്ങിയ അത്യാധുനിക 'ഹംഗോർ ക്ലാസ്' അന്തർവാഹിനി വിന്യസിക്കുന്ന ഈ നീക്കം ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രമേഖലയിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു.

ദില്ലി: ബംഗാൾ ഉൾക്കടലിൽ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ തകർന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാൻ പാകിസ്ഥാൻ നാവികസേന ഒരുങ്ങുന്നു. ചൈനയിൽ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക 'ഹംഗോർ ക്ലാസ്' അന്തർവാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖല ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഈ നീക്കം പ്രതിരോധ വൃത്തങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചൈനയിൽ വച്ച് കമ്മീഷൻ ചെയ്ത ആദ്യ ഹംഗോർ ക്ലാസ് അന്തർവാഹിനി കഴിഞ്ഞ ആഴ്ചയാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഈ അന്തർവാഹിനിയുടെ വരവോടെ അറബിക്കടലിന് പുറത്തേക്ക്, യാതൊരു സ്വാധീനവുമില്ലാതിരുന്ന ബംഗാൾ ഉൾക്കടലിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പാക് നാവികസേന പ്രതീക്ഷ.

ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് സ്ഥിതി ചെയ്യുന്ന വിശാഖപട്ടണവും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ബംഗാൾ ഉൾക്കടലിലാണ്. ഇന്ത്യയുടെ പ്രധാന വ്യാപാര-ഊർജ്ജ പാതകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ നിലവിൽ ഇന്ത്യൻ നാവികസേനയ്ക്കാണ് പൂർണ്ണ മേധാവിത്വമുള്ളത്. 1971-ലെ യുദ്ധകാലത്ത് ഇന്ത്യൻ നാവികസേനയുടെ 'ഐഎൻഎസ് കുക്രി' എന്ന യുദ്ധക്കപ്പൽ തകർത്ത പാകിസ്ഥാന്റെ പഴയ അന്തർവാഹിനിയുടെ പേരാണ് 'പിഎൻഎസ് ഹംഗോർ'. ആ യുദ്ധത്തിൽ പാകിസ്ഥാൻ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള പാക് നാവികസേനയുടെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതായിരുന്നു. ഈപശ്ചാത്തലത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ പുതിയ പ്രൊജക്റ്റിന് 'ഹംഗോർ' എന്ന് വീണ്ടും പേരിട്ടിരിക്കുന്നത്. ചൈനയുടെ ടൈപ്പ് 039എ യുവാൻ ക്ലാസ് അന്തർവാഹിനിയുടെ രൂപരേഖയിലാണ് ഹംഗോർ നിർമ്മിച്ചിരിക്കുന്നത്. ആകെ എട്ട് ഹംഗോർ ക്ലാസ് അന്തർവാഹിനികളാണ് പാകിസ്ഥാൻ നാവികസേനയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ നാലെണ്ണം ചൈന നേരിട്ട് നിർമ്മിച്ചു നൽകും, ബാക്കി നാലെണ്ണം ചൈനീസ് സാങ്കേതികവിദ്യയോടെ പാകിസ്ഥാനിലെ കറാച്ചിയിൽ നിർമ്മിക്കും.

'എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ' സാങ്കേതികവിദ്യയുള്ളതാണ് ഈ അന്തർവാഹിനികൾ. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളെപ്പോലെ ബാറ്ററികൾ ചാർജ് ചെയ്യാനായി ഇവയ്ക്ക് അടിക്കടി സമുദ്രോപരിതലത്തിലേക്ക് വരേണ്ടതില്ല. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടക്കാൻ ഇവയ്ക്ക് സാധിക്കും. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നാണ് സൂചന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. 1971-ന് ശേഷം ആദ്യമായി കറാച്ചിയിൽ നിന്നും ചിറ്റഗോംഗിലേക്ക് നേരിട്ടുള്ള സമുദ്രവ്യാപാരം കഴിഞ്ഞവർഷം പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സംയുക്ത സൈനികാഭ്യാസത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനും കരാറുകൾ ഒപ്പിടുന്നത് ചർച്ചയിലാണ്. ബംഗ്ലാദേശിന്റെ ഈ മാറ്റം പാകിസ്ഥാന് ബംഗാൾ ഉൾക്കടലിൽ കൂടുതൽ എളുപ്പത്തിൽ സ്വാധീനമുറപ്പിക്കാൻ സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.

ബംഗാൾ ഉൾക്കടലിനെ പൂർണമായി അധീനതയിലാക്കാൻ പാകിസ്ഥാന് കഴിയില്ല. പക്ഷെ, ചൈനയുടെ പിന്തുണയോടെയുള്ള ഈ കടന്നുകയറ്റം ഇന്ത്യയ്ക്ക് വലിയൊരു തലവേദനയായി മാറും. ഇതിനകം കറാച്ചിയിലെത്തിയ പാക് അന്തർവാഹിനിയുടെ ശബ്ദതരംഗങ്ങൾ കണ്ടെത്താനായി ഇന്ത്യൻ നാവികസേന തങ്ങളുടെ പി-8ഐ പൊസൈഡൻ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ച് അറബിക്കടലിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന
കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല, കർഷകര്‍ വീണ്ടും തെരുവിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ മോർച്ച, ജൂലയ് 28, 29 തീയതികളിൽ ദില്ലിയിൽ കൺവെൻഷൻ