നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ചു; ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്

By Web TeamFirst Published Sep 12, 2019, 11:26 AM IST
Highlights

നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ  പ്രതിനിധികളാണ് പൊലീസിനെ സമീപിച്ചത്

ഹൈദരാബാദ്:നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്. ആയിരം രൂപ ഫൈന്‍ വാങ്ങിയ ശേഷമാണ് ആടുകളെ  ഉടമസ്ഥന് വിട്ടുനല്‍കിയത്. 

നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ  പ്രതിനിധികളാണ് പൊലീസിനെ സമീപിച്ചത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍ ഇതില്‍ 250 എണ്ണത്തോളം ചെടികള്‍ ആടുകള്‍ തിന്നുനശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആടുകളെ സംഘടനയുടെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. 

ആടുകളെ നഗരത്തില്‍ മേയാന്‍ വിടുകയാണെന്നും ഇതാദ്യമായല്ല നട്ടുപിടിപ്പിച്ച ചെടികള്‍ നശിപ്പിക്കുന്നതെന്നും സംഘടനയുടെ  പ്രതിനിധികള്‍ വ്യക്തമാക്കിയതായി ഹുസുരാബാദ് പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രദേശവാസിയായ രാജ എന്നയാളുടേതാണ് ആട്. ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ഫൈന്‍ അടച്ച ശേഷമാണ് ആടുകളെ തിരികെ കൊണ്ടു പോയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങള്‍ക്ക് വീട്ടിലിട്ട് തീറ്റ നല്‍കാന്‍ ഉടമസ്ഥനോട് നിര്‍ദ്ദേശിച്ചതായും പൊലീസ് വ്യക്തമാക്കി. 

click me!