
റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശപരമായ പ്രവർത്തികൾ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയ ബിജെപി നേതാക്കൾ മഹുവയുടെ പ്രസ്താവനയെ വിമർശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മഹുവ മൊയ്ത്ര എംപിയുടെ വിവാദ പരാമർശം
അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ലക്ഷക്കണക്കിന് കോടിക്കണക്കിന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വീഴചയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടി പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് വെക്കണമെന്നായിരുന്നു പ്രസ്താവന. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മൊയ്ത്ര വിവാദ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നുഴഞ്ഞുകയറ്റക്കാർ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിനെ മൊയ്ത്ര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ മുൻനിരയിൽ ചിരിച്ചും കൈയടിച്ചും അമിത് ഷാ ഉണ്ടായിരുന്നുവെന്നും, രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ സാധിക്കാത്തത് ആരുടെ തെറ്റാണെന്നും അവർ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam