ശിവരഞ്ജിത്തിന്‍റെ സര്‍വ്വകലാശാല ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും

By Web TeamFirst Published Jul 23, 2019, 2:33 PM IST
Highlights

പരീക്ഷ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. 

ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. 

നേരത്തെ കന്‍റോണ്‍മെന്‍റ പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകള്‍. ഇത് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. കെട്ടുകളിൽ ഒന്ന് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതാണെന്ന വിവരവും കോളേജ് അധികൃതർ പൊലീസിന് കൈമാറി. (പ്രണവിന് പിഎസ്‍സി പരീക്ഷയിൽ രണ്ടാം റാങ്ക് കിട്ടിയതും വിവാദത്തിലാണ്).

ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസിൽ ചിലതിൽ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും. പരീക്ഷാഹാളില്‍ ഇൻവിജിലേറ്റർ വരുമ്പോൾ ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. അതായത് എസ്എഫ്ഐ നേതാക്കൾ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് വ്യക്തം. 

ഹാളിൽ എഴുതിയ ഉത്തരക്കടലാസിൽ ചിലത് വീട്ടിലേക്ക് കൊണ്ടുവന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകൾ കോളേജിലെ ജീവനക്കാരുടെ സഹായത്തോടെ കവറിൽ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതൽ   വിവരങ്ങൾ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. 

നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല. 

കേരള സർവ്വകലാശാലയുടെ വ്യാജസർട്ടിഫിക്കറ്റിൽ വിദേശത്ത് ജോലിനേടാൻ ഒരാൾ ശ്രമിച്ചതിലെ പരാതിയാണ് രജിസ്ട്രാർ ഇതുവരെനൽകിയത്. അത് തെറ്റിദ്ധരിച്ചായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. ചുരുക്കത്തിൽ ഉത്തരക്കടലാസ് കടത്തിൽ പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെ പോലും ഇതുവരെ രൂപീകരിച്ചില്ല. അന്വേഷിക്കാന്‍ ആകെയുള്ളത് സിപിഎമ്മുക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള ഉപസമിതി മാത്രം. 

click me!