
പാറ്റ്ന: പൊലീസ് ഉദ്യോഗസ്ഥര്‍ നടുറോഡില്‍ ഏറ്റുമുട്ടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിന് മുന്നില്‍ നിരവധിപ്പേര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു പൊലീസുകാരുടെ ഏറ്റുമുട്ടല്‍.
രണ്ട് പേരില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇരുവരും ഏറ്റമുട്ടുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കാനും ശ്രമിച്ചു. ഒരു ഘട്ടത്തില്‍ പിടിവിട്ട് ഒരാള്‍ വാഹനത്തിന്റെ അടുത്തേക്ക് പോവുകയും വാഹനം തുറന്ന് ഒരു ലാത്തിയുമായി വരികയും ചെയ്യുന്നു. പിന്നീട് ലാത്തിവെച്ച് അടിക്കാന്‍ ശ്രമിക്കുന്നതും അത് തടയാനുള്ള ശ്രമവും നടന്നു. രണ്ട് പേരും ഏറെനേരം റോഡില്‍ മല്‍പ്പിടുത്തവും നടത്തി.
ഈ സമയം ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥലത്ത് തടിച്ചുകൂടി. അതുവഴി പോകുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തി പൊലീസുകാരുടെ ഏറ്റുമുട്ടല്‍ കൗതുകപൂര്‍വം നോക്കിനിന്നു. പലരും തെരുവ് യുദ്ധം മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചു. രണ്ട് പേരുടെയും പണി പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. നാട്ടുകാര്‍ ഇടപെട്ട് തന്നെ പിന്നീട് ഇവരെ പിന്തിരിപ്പിച്ചു. എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ വീഡിയോ ചിത്രീകരിച്ചവര്‍ ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു.
വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ ഇരുവര്‍ക്കും എതിരെ നടപടി സ്വീകരിച്ചതായി നളന്ദ പൊലീസ് പിന്നീട് അറിയിച്ചിട്ടുണ്ട്. ഇവരെ പൊലീസ് സെന്ററിലേക്ക് തിരിച്ചു വിളിച്ചതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. ബിഹാര്‍ പൊലീസും സോഷ്യല്‍ മീഡിയയിലൂടെ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇരുവരെയും പൊലീസ് സെന്ററിലേക്ക് അയച്ചതായും സംഭവം അന്വേഷിച്ച ശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഇന്റര്‍നെറ്റില്‍ വ്യാപകമായ പ്രതിഷേധമാണ് പൊലീസുകാരുടെ ഏറ്റുമുട്ടലിനെതിരെ ഉയര്‍ന്നത്. ഇരുവരെയും സസ്പെന്‍ഡ് ചെയ്യുന്നതിന് പകരം പിരിച്ചുവിടണമെന്നാണ് നിരവധിപ്പേരുടെ കമന്റ്. പൊലീസുകാരുടെ ഭാഗത്തു നിന്ന് വളരെ മോശം പെരുമാറ്റമാണുണ്ടായതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. പൊലീസുകാര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സേനയ്ക്ക് നാണക്കേടായി മാറുമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചു.
വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam