Asianet News MalayalamAsianet News Malayalam

19 പ്രവാസി മലയാളി നഴ്സുമാര്‍ ഉൾപ്പെടെ 30 ഇന്ത്യക്കാര്‍ അറസ്റ്റിൽ; പിടിയിലായതില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരും

അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്.

gulf news 19 malayali nurses arrested in kuwait after a raid at private clinic rvn
Author
First Published Sep 18, 2023, 7:57 PM IST

കുവൈത്ത് സിറ്റി: പത്തൊമ്പത് മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യൻ നഴ്സുമാർ കുവൈത്തിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 

പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.  കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ  ഇവര്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴില്‍ വിസയും സ്പോണ്‍സര്‍ഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നത്. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇതില്‍ പലരും മൂന്ന് മുതല്‍ 10 വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഫിലീപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.

സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. അടുത്തിടെ ആശുപത്രി ഉടമയും സ്‌പോൺസറും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. അറസ്റ്റിലായവരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി വി മുരളീധരൻ, ഇന്ത്യൻ എംബസി, നോർക്ക റൂട്ട്സ് എന്നിവരെ ബന്ധുക്കള്‍ സമീപിച്ചിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

Read Also - നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി; ആകെ മൂന്ന് ദിവസം അവധി, സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് ബാധകമെന്ന് യുഎഇ

ഒമ്പത് മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 40,000ത്തിലധികം പേ‌ർക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ  40,000ത്തിലധികം പേ‌ർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 

ഈ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ 29,463 ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിത കാലയളവിൽ 57,432 യാത്രാ നിരോധന അഭ്യർത്ഥനകളാണ് മന്ത്രാലയത്തിലേക്ക് വന്നത്. ചെലവുകള്‍ അടക്കാത്തത്, ജീവനാംശം, ഇൻസ്റ്റാൾമെന്റുകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ കുടിശ്ശിക, ട്രാഫിക് ലംഘനങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ക്കാണ് യാത്രാ നിരോധന അപേക്ഷകള്‍ വന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios