പൗരത്വ പ്രതിഷേധം: മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ നിർദേശം

By Web TeamFirst Published Dec 24, 2019, 1:45 PM IST
Highlights

കോളേജ് മേധാവികൾ നേരിട്ട് വിദ്യാർത്ഥികളെ നിരീക്ഷിക്കണം എന്നും അക്രമം അഴിച്ചുവിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

മംഗളൂരു: മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ നിർദേശം. വിദ്യാഭ്യാസ വകുപ്പ് ആണ് ഉത്തരവ് ഇറക്കിയത്. കേരള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കാനാണ് നിർദേശം. 18 തിയതിയാണ് ഈ ഉത്തരവ് ഇറക്കിയത്. മംഗളൂരുലെ അക്രമസംഭവങ്ങള്‍ നടത്തിയത് മലയാളികളാണെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. അതിന് കുടപിടിക്കുന്ന രീതിയിലാണ് നിര്‍ദ്ദേശം. കോളേജ് മേധാവികൾ നേരിട്ട് ഇക്കാര്യം നിരീക്ഷിക്കണം എന്നും അക്രമം അഴിച്ചുവിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

ഇതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായത് വ്യാപക അക്രമങ്ങളാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൗരത്വ പ്രക്ഷോഭം മംഗളൂരുവിൽ വ്യാപക അക്രമങ്ങളിലേക്ക് പോയത്. തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഏകപക്ഷീയ വെടിവെയ്പ്പാണ് നടന്നതെന്ന ആരോപണം ശക്തമാകുമ്പോഴാണ് അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുന്നത്. അക്രമകാരികൾ പൊലീസിന് നേരെ കല്ലെറിയുന്നതും സിസിടിവി ക്യാമറകളടക്കം നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. പ്രതിഷേധങ്ങളുടെ മറവിൽ ആസൂത്രിത ആക്രമണം നടത്താൻ ഒരു വിഭാഗം ശ്രമിച്ചെന്ന പൊലീസ് വാദം സാധൂകരിക്കുന്നതാണ് ദൃശ്യങ്ങൾ. പതിനേഴ് പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റെന്നാണ് മംഗളൂരു കമ്മീഷണർ അറിയിച്ചത്. മൂവായിരത്തോളം പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. 77 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെടിവയ്പിൽ കൊല്ലപ്പെട്ട ജലീൽ മൂന്നാം പ്രതിയും നൗഷീൻ എട്ടാം പ്രതിയുമാണ്.

click me!