
ദില്ലി: ജെഎന്‍യു സംഭവത്തിലെ അക്രമികളെ പിടികൂടാന്‍ പത്രപരസ്യം നല്‍കി ദില്ലി പൊലീസ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസിനായിട്ടില്ല. മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച ജെഎന്‍യു വൈസ് ചാന്‍സിലറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
ജെഎന്‍യു സംഭവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് ദില്ലി പൊലീസ് . പേരിനൊരു എഫ്ഐആര്‍ ഇട്ടതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ദൃശ്യങ്ങള്‍ തേടി പൊതു ജനങ്ങളെ പൊലീസ് സമീപിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നല്‍കിയ പരസ്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ ദിവസം സര്‍വ്വകലാശാലയുടെയും പരിസര പ്രദേശങ്ങളുടെയും പരിധിയില്‍ വന്ന പതിനായിരത്തോളം മൊബല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിര്‍ണ്ണായകമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കിയെ ചൗധരിയെ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തിട്ടില്ല. അതേ സമയം വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ വീഴ്ചയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വിസിയോട് നേരിട്ട് ഹാജരാകാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചത്. വൈസ് ചാന്‍സിലറെ മാറ്റണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിന് മേല്‍ ശക്തമാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam