ബെംഗളൂരു പീഡനക്കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികള്‍, പൊലീസ് വെടിവെച്ച് വീഴ്ത്തി

By Web TeamFirst Published May 28, 2021, 1:35 PM IST
Highlights

ആഴ്ചകൾക്ക് മുൻപ് ബെംഗളൂരു നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശിൽ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. 

ബെം​ഗളൂരു: ബെം​ഗളൂരുവില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

ആഴ്ചകൾക്ക് മുൻപ് ബെംഗളൂരു നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശിൽ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്തുടർന്ന് പിടികൂടിയ സംഘം ബെംഗളുരുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്‍റെ വീഡിയോ പകർത്തി സൂക്ഷിക്കുകയും ചെയ്തു. 

ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ദൃശ്യങ്ങൾ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളിൽ ഉള്ളവരെകുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ആസാം പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളുരുവിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തുകയും 5 പ്രതികളെ പിടികൂടുകയും ചെയ്തത്. ഇതിൽ ഒരു സ്ത്രീയുമുണ്ട്.  മനുഷ്യക്കടത്തു സംഘത്തിലെ കണ്ണികളായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ബലാത്സംഗ കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!