'വർഗീയ ട്വീറ്റിട്ടാൽ ജയിലിലാകും', സൊമാറ്റോയ്ക്ക് എതിരെ ട്വീറ്റ് ചെയ്തയാൾക്ക് പൊലീസ് നോട്ടീസ്

By Web TeamFirst Published Aug 1, 2019, 6:27 PM IST
Highlights

''അഹിന്ദു''വായ ഡെലിവറി ബോയ് ആണെങ്കിൽ ഓർഡർ ക്യാൻസൽ ചെയ്യാൻ പറഞ്ഞെന്ന് ട്വീറ്റ് ചെയ്ത അമിത് ശുക്ലയോടാണ് ഭോപ്പാൽ പൊലീസിന്‍റെ നോട്ടീസ്. 

ഭോപ്പാൽ: ഭക്ഷണം ഓൺലൈനായി ഡെലിവർ ചെയ്യുന്ന സൊമാറ്റോയ്ക്ക് എതിരെ വർഗീയ പരാമർശവുമായി ട്വീറ്റ് ചെയ്ത അമിത് ശുക്ലയ്ക്ക് പൊലീസ് നോട്ടീസ്. വർഗീയത ഉയർത്തുന്നതോ, ആളുകളെ ഭിന്നിപ്പിക്കുന്നതോ ആയ എന്തെങ്കിലും അടുത്ത ആറ് മാസം സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കാട്ടിയാണ് നോട്ടീസ്. ചൊവ്വാഴ്ചയാണ്, ''അഹിന്ദു''വായ ഡെലിവറി ബോയ് ആണെങ്കിൽ സൊമാറ്റോയോട് ഓർഡർ ക്യാൻസൽ ചെയ്യാൻ പറഞ്ഞെന്ന് ഭോപ്പാൽ സ്വദേശിയായ അമിത് ശുക്ല ട്വീറ്റ് ചെയ്തത്.

ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമാറ്റോയും, അവരെ പിന്തുണച്ച ഊബർ ഈറ്റ്സും സമ്മർദ്ദത്തിലാണിപ്പോൾ. ട്വിറ്ററിൽ ഇരു കമ്പനികളെയും ബോയ്കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബോയ്കോട്ട് ഊബർ ഈറ്റ്സ്, ബോയ്കോട്ട് സൊമാറ്റോ ട്വീറ്റുകൾ ഇപ്പോൾ ട്വിറ്ററിൽ ട്രെന്‍റിംഗാണ്. 

"ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി," എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്

ഉപഭോക്താവിന്‍റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ഊബർ ഈറ്റ്സ് ഇന്ത്യയും രംഗത്തെത്തി. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇരുകമ്പനികൾക്കും എതിരെ ബോയ്കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ വാദികൾ.

click me!