
ഛണ്ഡീഗഡ്: പഞ്ചാബിൽ മാധ്യമപ്രവർത്തകനെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബിലെ ഭടാലയിലാണ് സംഭവം. മാധ്യമപ്രവർത്തകനെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
ബൽവീന്ദർ കുമാർ ഭല്ലയെന്ന ഫ്രീലാൻസ് ജേണലിസ്റ്റിനെയാണ് എസ്ഐമാരായ മൻദീപ് സിങും സുർജിതും കുമാറും മർദിച്ചത്. അടിയേറ്റ് ബോധരഹിതനായ ബൽവീന്ദറിനെ റോഡിൽ ഉപേക്ഷിച്ച് പൊലീസുകാർ ഇവിടെ നിന്ന് പോവുകയും ചെയ്തു.
പിന്നീട് നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പൊലീസുകാരെ സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ ചോദ്യം ചോദിച്ചതിനാണ് മർദിച്ചതെന്ന് ബൽവീന്ദർ ആരോപിക്കുന്നു. അടിയേറ്റ് മഴവെള്ളം നിറഞ്ഞുകിടന്ന റോഡിലെ കുഴിയിലേക്ക് വീണ ഇദ്ദേഹത്തെ സമീപത്തെ കടകളിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് ബട്ടല സിവിൽ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പൊലീസുകാർക്കെതിരെ ഭടല പരാതി നൽകി. ഇത് പ്രകാരം പൊലീസ് കേസെടുക്കുകയും ഇദ്ദേഹത്തിൻ്റെ മൊഴിയെടുക്കുകയും ചെയ്തു. ബിഎൻഎസ് 115 (2), 118(1), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.