
ചെന്നൈ : 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാൻ തമിഴ്നാട് സർക്കാർ. വിജയ്‌യുടെ 'രാഷ്ട്രീയ ഗൂഢാലോചനാ' ആരോപണങ്ങൾ അവഗണിച്ച് ഡിഎംകെ നേതാവ് സെന്തിൽ ബാലാജി, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഭരണകക്ഷിയായ ഡിഎംകെ.
വിജയ്‌യുടെ പാർട്ടി റാലിക്കിടെ ഉണ്ടായ ദുരന്തം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികാര നടപടികളാണെന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് വിജയ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പാടെ തള്ളിക്കളഞ്ഞുകൊണ്ട്, പോലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ടിവികെ പാലിച്ചില്ലെന്നും അനിയന്ത്രിതമായ ജനക്കൂട്ടമാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് സർക്കാർ നിലപാട്. ഇതിന് തെളിവായി സർക്കാർ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
സംഭവം അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമായത്. ഇതിനിടെ, ടിവികെ നേതാക്കൾ തങ്ങൾക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. കേസിലെ നിർണായക തെളിവെടുപ്പുകൾ പൂർത്തിയാക്കുന്നതിനും കൂടുതൽ നടപടികൾക്കുമായാണ് ഈ നീക്കം. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ശ്രമിക്കുന്നത്.
അതേസമയം, കേസിൽ പ്രതിപ്പട്ടികയിലുള്ള ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിക്കുമോ എന്നതിലാണ് ഇനി പൊലീസിന്റെ ശ്രദ്ധ. ഇവരുടെ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം നിർണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam