അന്ന് മസൂദ് അസറിനെ വിട്ടയച്ചവർ ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

By Web TeamFirst Published May 2, 2019, 2:59 PM IST
Highlights

നേരത്തെ കൊടും ഭീകരൻ ഹാഫീസ് സയീദിനെ  ആഗോള ഭീകരനായി പ്രഖ്യാപിച്ചത് കോൺഗ്രസ്‌ സർക്കാരിന്‍റെ കാലത്താണ്. എന്നാൽ അന്നൊന്നും കോൺഗ്രസ്‌ അത് ആഘോഷിച്ച് നടന്നിട്ടില്ലെന്നും രാജീവ് ശുക്ല പറഞ്ഞു.

ദില്ലി: ജയ്ഷെ ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് കനക്കുന്നു. മസൂദി അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് സ്വന്തം നേട്ടമായി അവതരിപ്പിക്കുന്ന ബിജെപി നിലപാട് അപഹാസ്യമാണെന്ന് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞു. 

കഴിഞ്ഞ 15 വ‌ഷമായി മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികൾ നടക്കുകയായിരുന്നു. കോൺഗ്രസ് സർക്കാരിന്‍റെ കാലത്താണ് മസൂദ് അസറിനെ ജയിലലടച്ചത് എന്നാൽ ബിജെപി സർക്കാർ അയാളെ വിട്ടയക്കുകയായിരുന്നു. എന്നിട്ടിപ്പോൾ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ബിജെപിയുടെ തിടുക്കം നാണക്കേടാണെന്നും രാജീവ് ശുക്ല പത്ര സമ്മേളനത്തിൽ പറഞ്ഞു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ മൻമോഹൻ സിംഗ് സമർപ്പിച്ച രേഖകളും നിർണായകമായിട്ടുണ്ട്. നേരത്തെ കൊടും ഭീകരൻ ഹാഫീസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് കോൺഗ്രസ്‌ സർക്കാരിന്‍റെ കാലത്താണ്. എന്നാൽ അന്നൊന്നും കോൺഗ്രസ്‌ അത് ആഘോഷിച്ച് നടന്നിട്ടില്ലെന്നും രാജീവ് ശുക്ല പറഞ്ഞു. മോദി സ‍ർക്കാരിന്‍റെ  കീഴിൽ ആഭ്യന്തര സുരക്ഷയിൽ കടുത്ത പിഴവുകൾ ഉണ്ടാകുന്നുണ്ടെന്നും അതിൽ കോൺഗ്രസിന് കടുത്ത ദുഃഖമുണ്ടെന്നും രാജീവ് ശുക്ല കൂട്ടിച്ചേർത്തു
 

click me!