പൂജാരിയെ വിവാഹം ചെയ്യുന്ന നിര്‍ധന ബ്രാഹ്മണ സ്ത്രീക്ക് മൂന്ന് ലക്ഷം; ധനസഹായ പദ്ധതിയുമായി കര്‍ണാടക

By Web TeamFirst Published Jan 7, 2021, 2:43 PM IST
Highlights

യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മിണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡാണ് ബ്രാഹ്മണ യുവതികള്‍ക്കായി രണ്ട് പദ്ധതികള്‍ കൊണ്ടുവന്നത്.
 

ബെംഗളൂരു: പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹാ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മിണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡാണ് ബ്രാഹ്മണ യുവതികള്‍ക്കായി രണ്ട് പദ്ധതികള്‍ കൊണ്ടുവന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25000 രൂപയാണ് ധനസഹായം. ഈ പദ്ധതിക്ക് അരുന്ധതി എന്നാണ് പേര്. എന്നാല്‍ പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം ലഭിക്കും. മൈത്രേയി എന്നാണ് പദ്ധതിയുടെ പേര്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ധനസഹായമെന്നും ആദ്യവിവാഹത്തിന് മാത്രമായിരിക്കും സഹായമെന്നും ബോര്‍ഡ് ചെയര്‍മാന്‍ എച്ച്എസ് സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു. അരുന്ധതി പദ്ധതിക്കായി ഇതുവരെ 500പേരാണ് അര്‍ഹരെന്നും മൈത്രേയി പദ്ധതിക്ക് 25പേരാണ് അപേക്ഷകരില്‍ നിന്ന് അര്‍ഹരെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ പ്രീണനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിമര്‍ശനമുയര്‍ന്നു.

നേരത്തെ സന്ധ്യാവന്ദന പൂജക്ക് തയാറാകുന്നവര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബ്രാഹ്മിണ്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും യെദിയൂരപ്പ അധികാരത്തിലേറിയ ശേഷമാണ് ബോര്‍ഡ് രൂപീകരിച്ചത്. അഞ്ച് ശതമാനമാണ് കര്‍ണാടക ജനസംഖ്യയില്‍ ബ്രാഹ്മണരുടെ പ്രാതിനിധ്യം.
 

click me!