പുലര്‍ച്ചെ ഒന്നിന് തുടങ്ങിയ അതീവ രഹസ്യ നീക്കം, എന്‍ഐഎയുടെ ഏറ്റവും വലിയ ഓപ്പറേഷന്‍, എല്ലാം വിലയിരുത്തി അമിത് ഷാ

By Web TeamFirst Published Sep 22, 2022, 2:46 PM IST
Highlights

പുലർച്ചെ ഒരു മണിക്കു തുടങ്ങിയ രഹസ്യ ഓപ്പറേഷനെ കുറിച്ച് അധികമാര്‍ക്കും ഒരു വിവരങ്ങളും ഉണ്ടായിരുന്നില്ല. 11 സംസ്ഥാനങ്ങള്‍ നടത്തിയ റെയ്ഡില്‍ 106 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലും ഒരു വിവരങ്ങളും നല്‍കാതെയായിരുന്നു എന്‍ഐഎയുടെ അതീവ രഹസ്യ നീക്കം. 

തിരുവനന്തപുരം/ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയുടെ പ്ലാന്‍ തയാറാക്കിയത് വളരെ രഹസ്യമായി. പുലർച്ചെ ഒരു മണിക്കു തുടങ്ങിയ രഹസ്യ ഓപ്പറേഷനെ കുറിച്ച് അധികമാര്‍ക്കും ഒരു വിവരങ്ങളും ഉണ്ടായിരുന്നില്ല. 11 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 106 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലും ഒരു വിവരങ്ങളും നല്‍കാതെയായിരുന്നു എന്‍ഐഎയുടെ അതീവ രഹസ്യ നീക്കം. 

എല്ലാം നിരീക്ഷിച്ച് ആറ് കണ്‍ട്രോള്‍ റൂമുകള്‍

കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ സജ്ജമാക്കിയ ശേഷമായിരുന്നു ഓപ്പറേഷന്‍ ആരംഭിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷന്‍ പൂര്‍ണമായും നിരീക്ഷിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അജിത് ഡോവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  ഡോവലും എൻഐഎ ഡിജി ദിൻകർ ഗുപ്തയും അമിത് ഷായെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, രാജ്യവ്യാപക മിന്നല്‍ റെയ്ഡ്

ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാജ്യവ്യാപക പരിശോധന നടന്നത്. തെക്കേ ഇന്ത്യക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബിഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു.  ഭീകരവാദത്തിന് പണം വന്നതിനും പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതിനും നിരോധിച്ച സംഘടനകളിൽ ആളെ ചേർക്കുന്നതിനുമാണ് രാജ്യതലസ്ഥാനത്ത് കേസ് എടുത്തിരുന്നത്. ആന്ധ്രപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസും അടുത്തിടെ എൻഐഎ ഏറ്റെടുത്തിരുന്നു.

യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരസംഘനയാണെന്ന് സിദ്ദിഖ് കാപ്പൻറെ കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് വിവരങ്ങള്‍.

എന്‍ഐഎ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷന്‍

എൻഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷനാണ് നടന്നത്. തമിഴ്നാട്ടിലെ ചെന്നൈ, തേനി, കോയമ്പത്തൂർ, മധുരൈ, ദിണ്ടിഗൽ, രാമനാഥപുരം, തിരുനെൽവേലി എന്നീ ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തി. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച നടപടി 9 മണിയോടെ പൂർത്തിയാക്കി. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ 10 പേരെ കസ്റ്റഡിയിലെടുത്തു. ഓഫീസുകളിൽ നിന്ന് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ എൻഐഎക്കൊപ്പം തീവ്രവാദ വിരുദ്ധസേനയും റെയ്ഡിൽ പങ്കെടുത്തു. 10 ജില്ലകളിൽ നിന്നായി 20 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. യുഎപിഎ വകുപ്പുകൾ അടക്കം ചുമത്തിയാണ് അറസ്റ്റ്. 

കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വസതികളും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി. കര്‍ണാടകയില്‍ നിന്ന് ഇരുപത് പേരെ ഇതുവരെ എന്‍ഐഎ കസ്റ്റിഡിയിലെത്തു. ആന്ധ്രയിലെ എസ്ഡിപിഐ പ്രസിഡന്‍റ്  അബ്ദുള്‍ വാരിസിന്‍റെ വസതികളില്‍ നിന്ന് ലഘുലേഖകളും ഫയലുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്‍റ്  മുഹമ്മദ് സക്കീബിന്‍റെ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ നിന്ന് ഡിജിറ്റല്‍ രേഖകള്‍ അടക്കം എന്‍ഐഎ പിടിച്ചെടുത്തു. 

ബെംഗ്ലൂരുവില്‍ മാത്രം എട്ട് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. മംഗ്ലൂരു, ഷിമോഗ, സൂറത്കല്‍, മൈസൂരു എന്നിവടങ്ങളില്‍ നിന്ന് നിരവധി ജില്ലാ ഭാരവാഹികള്‍ കസ്റ്റഡിയിലായി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് മൗലാന മൗസൂദിനെ മൈസൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേരളത്തിലും പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ  വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിൽ  റെയ്ഡ് നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയും വ്യാപകമായ തെരച്ചിൽ നടത്തുന്നത്.

പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മ‍‌‌ഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തു. ദേശീയ സമിതി അംഗം പി കോയ കോഴിക്കോട്ട് കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീൻ തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റു പ്രമുഖർ. 

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും? അമിത് ഷാ അജിത് ഡോവലിനെ കണ്ടു,രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ

click me!