
ഔറംഗബാദ്: വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയായ യൂട്യൂബറെ ട്രെയിനിൽ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ഇഥാർസി സ്റ്റേഷനിൽ വച്ചാണ് പ്രശസ്ത യൂട്യൂബറായ കാവ്യ യാദവിനെ വീട്ടുകാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അച്ഛൻ വഴക്കു പറഞ്ഞതിലുള്ള മനോവിഷമത്താലാണ് 16കാരി വീടുവിട്ടിറങ്ങിയത്. കാവ്യ വീട് വിട്ടശേഷം തിരികെ കണ്ടെത്തുംവരെയുള്ള സംഭവങ്ങൾ മാതാപിതാക്കൾ യൂ ട്യൂബിൽ തല്സമയം ടെലികാസ്റ്റ് ചെയ്തു.
മകളെ കാണാതായതു മുതലുള്ള തങ്ങളുടെ പേടിയും ആശങ്കയുമാണ് മാതാപിതാക്കൾ യൂ ട്യൂബിൽ ലൈവ് സ്ട്രീം ചെയ്തത്. അവളെ അന്വേഷിച്ച് മഹാരാഷ്ട്ര മുതൽ മധ്യപ്രദേശ് വരെയുള്ള തങ്ങളുടെ യാത്രയും അവർ തല്സമയം ടെലികാസ്റ്റ് ചെയ്തു. 44 ലക്ഷം ആളുകൾ ഫോളോവേഴ്സായുള്ള യൂ ട്യൂബ് ചാനലാണ് കാവ്യയുടേത് ('Bindass Kavya'). അമ്മയാണ് ഈ ചാനലിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. അച്ഛൻ വഴക്ക്പറഞ്ഞതിനെത്തുടർന്നാണ് വീട്ടുകാരറിയാതെ കാവ്യ നാടുവിട്ടു പോയത്. തുടർന്ന് കാവ്യയെ കണ്ടെത്താൻ യൂ ട്യൂബിലൂടെ മാതാപിതാക്കൾ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി മുതൽ ഞങ്ങളവളെ തിരയുകയാണ്. പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ആരെങ്കിലും അവളെ കണ്ടെത്തിയാൽ, ദയവായി ഞങ്ങളെ അറിയിക്കണേ. കരഞ്ഞുകൊണ്ട് സഹായം അഭ്യർത്ഥിച്ച് കാവ്യയുടെ പിതാവ് യൂ ട്യൂബ് ലൈവിൽ പറഞ്ഞു. കാവ്യയുടെ അമ്മയും കരച്ചിലടക്കാൻ പാടുപെട്ട് കാറിലുണ്ടായിരുന്നു. ഈ വീഡിയോ 38 ലക്ഷം പേരാണ് തല്സമയം കണ്ടത്.
ഔറംഗബാദ് പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നല്കിയത്. തുടർന്ന് കാവ്യയുടെ ചിത്രം റെയിൽവേ പൊലീസിനും കൈമാറി. ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണ് മധ്യപ്രദേശിൽ വച്ച് കാവ്യയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ് കാവ്യയെ കണ്ടെത്തിയ ഇഥാർസി സ്റ്റേഷൻ. സെപ്തംബർ 9ന് ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് കാവ്യയെ കാണാതായത്. കാവ്യയെ കണ്ടുകിട്ടുന്നതിന്റെ വീഡിയോയും ലൈവായി യൂ ട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കാവ്യയെ കണ്ടെത്തിയത്.
Read Also: ഇതെന്താ കോഫീഷോപ്പോ ഓഫീസോ? വൈറലായി ബംഗളൂരുവിൽ നിന്നുള്ള ചിത്രം, വിമർശനങ്ങളും ശക്തം