മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം; വിവാദം

By Web TeamFirst Published May 3, 2020, 4:15 PM IST
Highlights

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലുള്ള ഗ്രാമമാണ് മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ചത്. പേമാല്‍പുരില്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് പതിച്ചത്.

ഇന്‍ഡോര്‍: മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലുള്ള ഗ്രാമമാണ് മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ചത്. പേമാല്‍പുരില്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് പതിച്ചത്. ശനിയാഴ്ചയാണ് പോസ്റ്റര്‍ പതിച്ചത്.

സംഭവം വിവാദമായതോടെ പൊലീസ് എത്തി പോസ്റ്റര്‍ നശിപ്പിച്ചു. കാര്യമറിഞ്ഞ ഉടനെ സംഭവസ്ഥലത്ത് എത്തി പോസ്റ്റര്‍ നശിപ്പിച്ചുവെന്ന് ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി പറഞ്ഞു. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് പൊലീസിനെതിരെയും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെതിരെയും രംഗത്ത് വന്നിട്ടുണ്ട്.

ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ മുസ്ലീം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഡിയോറിയ ജില്ലയിലാണ് ബിജെപി എംഎല്‍എ സുരേഷ് തിവാരി പച്ചക്കറി കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

ഡിയോറിയയിലെ ഭര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേഷ് തിവാരി. 'ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരോടുമായാണ് ഞാനിത് പറയുന്നത്. മുസ്ലീം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുത്'- എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് തിവാരി ആവശ്യപ്പെട്ടത്. സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളോടാണ് സുരേഷ് തിവാരി വര്‍ഗീയച്ചുവയുള്ള പരാമര്‍ശം നടത്തിയതെന്നാണ് ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

click me!