Latest Videos

സീറ്റ് നിർണയം: 'കുടുംബത്തിൽ ഭിന്നതയില്ല, അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല': റോബർട്ട് വദ്ര

By Web TeamFirst Published May 5, 2024, 1:48 PM IST
Highlights

കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബർട്ട് വദ്ര കുറിച്ചു. 

ദില്ലി: റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിശദീകരണം.

അമേഠിയിൽ തനിക്കു വേണ്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നു എന്നാണ് റോബർട്ട് വദ്ര നേരത്തെ അവകാശപ്പെട്ടത്. എന്നാൽ തീരുമാനം വന്നപ്പോൾ അമേഠിയിൽ കിശോരിലാൽ ശർമ്മ സ്ഥാനാർത്ഥിയായി. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാണ് വദ്ര പരസ്യമായി രംഗത്തെത്തിയത് എന്ന വ്യഖ്യാനവും ഉണ്ടായിരുന്നു. റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി യോജിച്ചതിൽ വദ്ര ശക്തമായി പ്രതിഷേധിച്ചെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് റോബർട്ട് വദ്ര കുടുംബത്തിൽ ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലെ പദവികൾക്ക് കുടുംബ ബന്ധത്തിന് ഇടയിൽ വരാനാകില്ലെന്ന് റോബർട്ട് വദ്ര പറയുന്നു. കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബർട്ട് വദ്ര കുറിച്ചു. 

രാഹുൽ പ്രിയങ്ക സോണിയ എന്നിവരുമായുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കോൺഗ്രസ് രാഹുൽ പ്രിയങ്ക ഗ്രൂപ്പുകളായി വൈകാതെ പിളരുമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ആചാര്യം പ്രമോദ് കൃഷ്ണം ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസിൽ വൻ തർക്കും ഉരുണ്ടു കൂടുന്നു എന്ന പ്രചാരണം ചെറുക്കാനാണ് റോബർട്ട് വദ്ര ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ നോക്കുന്നത്. എന്നാൽ രാഷ്ട്രീയത്തിലിറങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കുന്നില്ല എന്ന സൂചനയും റോബർട്ട് വദ്ര നൽകുകയാണ്.


 

click me!