രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല; എംഎൻഎസ് പ്രവർത്തകരുടെ അറസ്റ്റ്, ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ

Published : May 10, 2022, 07:51 PM IST
രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല; എംഎൻഎസ് പ്രവർത്തകരുടെ അറസ്റ്റ്, ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ

Synopsis

രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല. എംഎൻഎസ്  പ്രവർത്തകരെ പിടികൂടുന്നത് പോലെ മുസ്ലീംപള്ളികളിൽ കയറി ആയുധങ്ങളും ഒളിച്ചിരിക്കുന്ന തീവ്രവാദികളെയും പിടികൂടുമോ? എന്നും കത്തില്‍ ചോദിക്കുന്നുണ്ട്.   

മുംബൈ:  എംഎൻഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ. എല്ലാകാലത്തും ആരും അധികാരത്തിലിരിക്കുമെന്ന് കരുതേണ്ടെന്നാണ് കത്തിൽ വെല്ലുവിളി.

രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല. എംഎൻഎസ്  പ്രവർത്തകരെ പിടികൂടുന്നത് പോലെ മുസ്ലീംപള്ളികളിൽ കയറി ആയുധങ്ങളും ഒളിച്ചിരിക്കുന്ന തീവ്രവാദികളെയും പിടികൂടുമോ? എന്നും കത്തില്‍ ചോദിക്കുന്നുണ്ട്. 

അതേസമയം, ഉദ്ദവിനെതിരെ വെല്ലുവിളിച്ച അമരാവതി എംപി നവനീത് റാണയുടെ വസതിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ മുംബൈ കോ‍ർപ്പറേഷൻ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസില്‍ പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ പൊളിച്ച് നീക്കും. 

Read Also: ശിവസേനയുടെ 'ഹിന്ദുത്വം' ചോദ്യം ചെയ്ത് രാജ് താക്കറെ: ഉച്ചഭാഷിണി വിവാദത്തിൽ ഇളകിമറിഞ്ഞ് മറാത്താ രാഷ്ട്രീയം

വർഗീയ കലാപങ്ങളുടെ മുറിവുകൾ പേറുന്ന നാടാണ് മഹാരാഷ്ട്ര (Maharashtra). രാജ്യത്തെ നടുക്കിയ ഒട്ടനവധി വ‍ര്‍ഗീയ കലാപങ്ങൾക്കും സംഘ‍ര്‍ഷങ്ങൾക്കും കഴിഞ്ഞ കാലങ്ങളിൽ മഹാരാഷ്ട്ര സാക്ഷിയായി. ആ നടുക്കുന്ന ഓർമ്മകൾ മറന്ന് തുടങ്ങിയ മറാത്തി ജനതയിലേക്ക് വർഗീയതയുടെ വിഷവിത്തുകൾ വീണ്ടും പാകാനാണ് ചിലർ ഒരുങ്ങുന്നത്. മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഉച്ചഭാഷിണി വിവാദവും, ഹനുമാൻ ചാലിസ പ്രതിഷേധവും ഇതിൻ്റെ ഭാഗമാണ്. ആ വിവാദങ്ങളിലേക്ക്.... 

രാജ് താക്കറെയുടെ തന്ത്രം

രാഷ്ട്രീയത്തിൽ തീർത്തും നിറംമങ്ങി നിർജ്ജീവാവസ്ഥയിലാണ് രാജ് താക്കറെയുടെ എംഎൻഎസ്. കൊടിയുടെ നിറം കാവിയാക്കി ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ പതാകവാഹകരെന്ന് തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഇടയ്ക്ക് നടത്തി. അതൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ല എന്ന് തോന്നിയ ഘടത്തത്തിലാണ് മുസ്ലിംപള്ളികളിലെ ഉച്ചഭാഷിണി ലക്ഷ്യമിട്ട് രാജ് താക്കറെ നീങ്ങിയത്.പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി മറ്റ് മതക്കാർക്ക് ബുദ്ധിമുട്ടാണെന്നാണ് വാദം. ഉച്ചഭാഷിണി പൂർണമായി നിരോധിക്കണമെന്നും ആവശ്യം. ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കയാണെന്ന് കരുതാൻ വയ്യ..മറ്റ് മതക്കാരുടെ ഉച്ചഭാഷിണി പ്രയോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്ക ഏതുമില്ല

ശിവസേന പഴയ സേനയല്ല!
മതേതര കക്ഷികളോടൊപ്പം ചേർന്ന് ഹിന്ദുത്വ ആശയങ്ങളിൽ നിന്ന് ശിവസേന പുറകോട്ട് പോയെന്നാണ് എംഎൻഎസിന്‍റെ പ്രചാരണം. ശിവസേനാ ഓഫീസിന് മുന്നിൽ തന്നെ സാമ്പിൾ ഡോസായി ഹനുമാൻ കീർത്തനങ്ങൾ സ്പീക്കർ വച്ച് പാടിച്ചും നോക്കി. ഏറ്റവും ഒടുവിൽ മെയ് 3 എന്ന ഒരു തിയ്യതി അന്ത്യശാസനം ആയി നൽകിയിരിക്കുകയാണ് . അതിനുള്ളിൽ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ കീർത്തനങ്ങൾ ഉച്ചത്തിൽ കേൾപ്പിക്കുമെന്നാണ് വെല്ലുവിളി. 

രാജ് താക്കറെ കൊളുത്തിയ വിവാദം അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും ഏറ്റെടുത്തു. ഉദ്ദവ് താക്കറെയുടെ കുടുംബ വീടിന് മുന്നിൽ പോയി ഹനുമാൻ ചാലിസ ചൊല്ലുമെന്നായിരുന്നു വെല്ലുവിളി. ഇതോടെ ശിവസേനാ പ്രവ‍ർത്തകരും ഇളകി. എംപിയെയും എംഎൽഎയെയും വീടിന് പുറത്തിറങ്ങാനാകാത്ത വിധം സേനാ പ്രവർത്തകർ വളഞ്ഞു. ഉദ്ദവിന്‍റെ കുടുംബ വീടായ മാതോശ്രീക്ക് മുന്നിൽ മേയർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ മനുഷ്യ കവചമൊരുക്കി. സംഘർഷങ്ങളിലേക്ക് സ്ഥിതി എത്തിയതോടെ എംഎൽഎയെയും എംപിയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തിനുള്ള ശ്രമം എന്ന നിലയിൽ രാജ്യദ്രോഹ കുറ്റം തന്നെ ചുമത്തി ജയിലിലടച്ചു. ഇവിടെയാണ് വിവാദങ്ങളിലേക്ക് ബിജെപി കടന്ന് വരുന്നത്. 

ബിജെപി അരങ്ങത്തേക്ക്  
എംപിയ്ക്കും എംഎൽഎയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നേതാവ് കിരിത് സോമയ്യ രാത്രിയ്ക്ക് രാത്രി എത്തി. തിരികെ പോവുമ്പോൾ ശിവസേനാ പ്രവ‍ത്തകർ വാഹനം ആക്രമിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ബിജെപി വിധിയെഴുതി. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം അവർ വീണ്ടും സജീവമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയെക്കുറിച്ച് കണക്കുകൾ നിരത്തി ശിവസേന പ്രതിരോധിക്കുന്നുണ്ട്.ഹനുമാൻ കീർത്തനങ്ങൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും ചൊല്ലൂ എന്ന് സാമ്നയിലൂടെ പരിഹസിച്ചു. 

പക്ഷെ ശിവസേനയെ സംബന്ധിച്ചിടത്തോളം ഇതൊരു കുരുക്കാണ്.  ഹിന്ദുത്വ രാഷ്ട്രീയമാണ് ശിവസേനയുടെ അടിസ്ഥാനം. കലാപകാലത്തെല്ലാം അക്രമ സംഭവങ്ങളുടെ ഒരറ്റത്ത് അവരുണ്ടായിരുന്നു. മതേതര കക്ഷികൾക്കൊപ്പം സഖ്യമുണ്ടാക്കിയതോടെ ആ പഴയ തീവ്ര ഹിന്ദുത്വ മുഖം സേനയ്ക്ക് നഷ്ടമായെന്നാണ് പ്രചാരണം നടക്കുന്നത്. അത് അവരുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കും.ഹനുമാൻ ചാലിസ വിവാദത്തിൽ അനുകൂലമായോ പ്രതികൂലമായോ നിലപാടെടുത്താലും അത് പ്രത്യാഘാതങ്ങൾ ഉറപ്പാണ്. എല്ലാത്തിനും പിന്നിൽ ബിജെപിയാണെന്ന് സേനയ്ക്ക് ബോധ്യമുണ്ട്.

പന്ത് കേന്ദ്രത്തിന്‍റെ കോർട്ടിലേക്ക് 
 വലിയ വിമർശനങ്ങളേൽക്കാതെ മുന്നോട്ട് പോവുന്ന സഖ്യസർക്കാരിനെ താഴെയിറക്കാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് ബുദ്ധിപരമായ നീക്കം ശിവസേന നടത്തിയത്. ഉച്ചഭാഷിണി വിഷയത്തിൽ എല്ലാവരുടേയും അഭിപ്രായം കേൾക്കാം. അതിനായി സർവകക്ഷി യോഗവും വിളിച്ച് ചേ‍ർത്തു. പക്ഷെ ബിജെപി യോഗത്തിനെത്തിയില്ല. വിവാദങ്ങൾക്ക് തുടക്കമിട്ട രാജ് താക്കറെയും യോഗം ബഹിഷ്കരിച്ചു. എംപിയെയും എംഎൽഎയെയും അറസ്റ്റ് ചെയ്തതോടെ സർക്കാർ ചർച്ചകൾക്കുള്ള വഴി അടച്ച് കഴിഞ്ഞെന്നാണ് ബിജെപി ന്യായം പറഞ്ഞത്. തനിക്ക് കീഴെയുള്ള നേതാക്കളെ വിട്ടാണ് രാജ് താക്കറെ ഒളിച്ച് കളിച്ചത്. തർക്കം തീർക്കാൻ നല്ലൊരു നിയമ നിർമ്മാണത്തിന് സാധിക്കുമെന്ന് സർവകക്ഷിയോഗം പക്ഷെ തീരുമാനിച്ചു. 

അതിന് കേന്ദ്രം വിചാരിക്കണം. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെ സമീപിക്കാനും എല്ലാ മതങ്ങൾക്കും ബാധകമായ തരത്തിൽ ഉച്ചഭാഷിണി നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. വിവാദത്തിന്‍റെ ഫലം എന്തായാലും അതിന്‍റെ  ഉത്തരവാദിത്വം ബിജെപിക്ക് കൂടി നൽകാനുള്ള തന്ത്രപരമായ നീക്കമാണിത്. വാർത്താ സമ്മേളനങ്ങളിൽ ഹനുമാൻ കീർത്തനം ചൊല്ലി വിവാദം കൊഴുപ്പിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് ഇനി ചോദ്യങ്ങൾ മാത്രം ചോദിക്കാതെ ഉത്തരങ്ങളും നൽകേണ്ടി വരും.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം