
ദില്ലി: ദില്ലിയിലെ ചരിത്ര സ്മാരകമായ കുത്തബ് മിനാറിന് (Qutub Minar) പുറത്ത് ഹനുമാൻ ചാലിസ (Hanuman Chalisa) ആലപിച്ച ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഗതാഗതക്കുരുക്കും വിധം റോഡ് തടസ്സപ്പെടുത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പ്രതിഷേധം കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായെന്നും പൊലീസുകാരൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കുത്തബ് മിനാർ വിക്രമാദിത്യ മഹാരാജാവ് നിർമ്മിച്ച വിഷ്ണു സ്തംഭമാണ് കുത്തബ് മിനാറെന്ന് യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്റെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് ഭഗവാൻ ഗോയൽ അവകാശപ്പെട്ടു.
വിക്രമാദിത്യൻ നിർമിച്ച വിഷ്ണു സ്തംഭത്തിന്റെ ക്രെഡിറ്റ് ഖുതുബുദ്ദീൻ ഐബക്ക് അവകാശപ്പെടുകയായിരുന്നു. സമുച്ചയത്തിൽ 27 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അവ ഐബക്ക് നശിപ്പിച്ചു. കുത്തബ് മിനാർ സമുച്ചയത്തിലെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ആളുകൾക്ക് കാണാമെന്നതിനാൽ ഇതിനെല്ലാം തെളിവുകൾ ലഭ്യമാണെന്നും കുത്തബ് മിനാറിനെ വിഷ്ണുസ്തംഭ എന്ന് വിളിക്കണമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
സമുച്ചയത്തിലെ വിവിധ സ്ഥലങ്ങളിൽ വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും അവിടെ ആരാധന നടത്താനുള്ള അവകാശം നൽകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിക്കും കത്ത് നൽകിയെന്നും ഗോയൽ പറഞ്ഞു.