
ദില്ലി: ദില്ലിയിലെ പ്രഗതി മൈതാന തുരങ്കം പൂർത്തീകരിക്കുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണിയിലെ അശ്രദ്ധയും കാരണം ഉപയോഗിക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. തുരങ്കം പൂർണമായി നവീകരിക്കാതെ ഗതാഗതം സാധ്യമല്ലെന്ന് ദില്ലി പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തുരങ്കം ഇപ്പോൾ യാത്രക്കാർക്ക് സുരക്ഷിതമല്ല. പൂർണമായി നവീകരിക്കാതെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
777 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതി 2022 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 1.3 കിലോമീറ്റർ നീളമുള്ള തുരങ്കവും അതിനെ ബന്ധിപ്പിക്കുന്ന അഞ്ച് അണ്ടർപാസുകളും പ്രഗതി മൈതാൻ ഇൻ്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ ഭാഗമായിരുന്നു. സെൻട്രൽ ദില്ലിയെ നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളുമായും നോയിഡ,
ഗാസിയാബാദ് എന്നിവയുമായി ബന്ധിപ്പിക്കാനാണ് തുരങ്കം നിർമിച്ചത്. കഴിഞ്ഞ വർഷത്തെ മഴയിൽ വെള്ളക്കെട്ട് കാരണം നിരവധി തവണ അടച്ചിട്ടിരുന്നു. നഗരത്തിൽ സാധാരണ മഴ ലഭിച്ചപ്പോഴെല്ലാം തുരങ്കം വെള്ളത്തിനടിയിലായതായി ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ ഭൂഗർഭ തുരങ്കങ്ങളിലും ചെറിയ രീതിയിൽ ചോർച്ചയുണ്ടാകും. കഴിഞ്ഞ രണ്ട് മാസമായി കമ്പനിയുമായി ഒന്നിലധികം ബന്ധപ്പെട്ടിട്ടും ചുമതലയുള്ള എല്‍ ആന്‍ഡ് ടി കമ്പനി അറ്റകുറ്റപ്പണി നടത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 3 ന്, പിഡബ്ല്യുഡി പ്രോജക്റ്റ് കരാറുകാരായ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ടണൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി പിഡബ്ല്യുഡി നോട്ടീസിൽ പറയുന്നു. പദ്ധതി ടെൻഡർ 2017ൽ നടന്നതായും 2019ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വകുപ്പ് അറിയിച്ചു. എന്നാൽ 2022ലാണ് ഉദ്ഘാടനം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന ധാരണയ്ക്ക് വിധേയമായാണ് സമയത്തിൽ ഇളവുകൾ നൽകിയയതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഭൈറോൺ മാർഗിന് സമീപമുള്ള അഞ്ചാം നമ്പർ അണ്ടർപാസിൻ്റെ രൂപകൽപ്പനയിലെ അപാകതയാണ് തുരങ്കത്തിന് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam