'റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍'; മോദിയെ ട്രോളി പ്രകാശ് രാജ്

By Web TeamFirst Published May 18, 2019, 8:23 PM IST
Highlights

രുദ്ര ഗുഹയില്‍ പ്രധാനമന്ത്രി നാളെ രാവിലെ വരെയാണ് ഏകാന്ത ധ്യാനം നടത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്‍റെ പരിഹാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍!! ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

അതേസമയം രുദ്ര ഗുഹയില്‍ പ്രധാനമന്ത്രി നാളെ രാവിലെ വരെയാണ് ഏകാന്ത ധ്യാനം നടത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ  ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചിരുന്നു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ തീർത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാർ നാഥിലെത്തിയിരിക്കുന്നത്. നാളെ ദില്ലിയിലേക്ക് തിരിക്കുംമുൻപ് ബദരീനാഥും സന്ദർശിക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനിക്കാനെത്തിയത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!