'സംഘടനാപരമായി കോൺഗ്രസ് തകര്‍ച്ചയിലാണ്; പക്ഷേ, മഹാരാഷ്ട്രയില്‍ ബിജെപിയെ വീഴ്ത്തി അധികാരത്തിലേറാം': വഴി പറഞ്ഞ് പ്രകാശ് അംബേദ്കര്‍

By Web TeamFirst Published Aug 24, 2019, 7:51 PM IST
Highlights

88 സീറ്റുകളുള്ള നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ 80 മികച്ച സ്ഥാനാര്‍ത്ഥിയെങ്കിലും കോണ്‍ഗ്രസിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതേ പ്രശ്നം ബിജെപിയും ശിവസേനയും എന്‍ സി പിയും നേരിടുന്നുണ്ടെന്നും പ്രകാശ് അബേദ്കര്‍ ചൂണ്ടികാട്ടി

മുംബൈ: കേരളത്തിലും പഞ്ചാബിലുമൊഴികെ രാജ്യത്താകമാനം വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്നത്. തുടര്‍ച്ചയായ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ നേതാവ് സ്ഥാനം പോലും നേടിയെടുക്കാനാകാത്ത കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. മോദി സ്തുതി പാഠകരായി നേതാക്കള്‍ മാറുന്നുവെന്ന ആരോപണം പാര്‍ട്ടിക്കകത്തുണ്ടാക്കുന്ന പ്രതിസന്ധിയും വലുതാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം താത്കാലികമായി ഏറ്റെടുത്ത സോണിയ ഗാന്ധി ക്രീയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. അതിനിടയിലാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന, ചത്തീസ്ഗഢ് എന്നീ ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നത്. ഇതില്‍ തന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷം മുന്പ് വരെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സംസ്ഥാനത്ത് ബിജെപി ഗംഭീര പ്രകടനം നടത്തിയാണ് വിജയം നേടിയത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തെര‍ഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമോയെന്ന കാര്യത്തില്‍ ഏവര്‍ക്കും സംശയമുണ്ട്. എന്നാല്‍ ബിജെപിയെ വീഴ്ത്തി അധികാരത്തിലേറാന്‍ കോണ്‍ഗ്രസിന് തന്ത്രം ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി ആര്‍ അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജന്‍ അഘാതി പാര്‍ട്ടി നേതാവുമായ പ്രകാശ് അംബേദ്ക്കര്‍.

കോണ്‍ഗ്രസ് സംഘടനാപരമായി തകര്‍ച്ചയിലാണെന്ന കാര്യം ഉറക്കെപ്പറഞ്ഞുകൊണ്ടുതന്നെയാണ് പ്രകാശ് അംബേദ്കര്‍ സാധ്യതകളെക്കുറിച്ചും വിവരിക്കുന്നത്. സംഘടനാപരമായി തകര്‍ന്നുവെന്നത് കോണ്‍ഗ്രസ് ആദ്യം തന്നെ സമ്മതിക്കുകയാണ് വേണ്ടെതന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 288 സീറ്റുകളുള്ള നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ 80 മികച്ച സ്ഥാനാര്‍ത്ഥിയെങ്കിലും കോണ്‍ഗ്രസിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതേ പ്രശ്നം ബിജെപിയും ശിവസേനയും എന്‍ സി പിയും നേരിടുന്നുണ്ടെന്നും പ്രകാശ് അബേദ്കര്‍ ചൂണ്ടികാട്ടി. ഇതാണ് സാധ്യതയെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസിന് അധികാര വഴിയില്‍ തിരിച്ചെത്താമെന്നും അദ്ദേഹം വിവരിച്ചു.

എന്നാല്‍ സംഘടനാപരമായ തകര്‍ച്ച മറച്ചുവച്ചുകൊണ്ട് കോണ്‍ഗ്രസ് 288 സീറ്റിലും മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും മത്സരിക്കുന്നതിലാണോ കാര്യമെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തകര്‍ന്നതെന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ് സേവാദള്‍ നിശ്ചലമായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് തിരിച്ചറിയണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെങ്കില്‍ സേവാദളിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ശക്തിപ്പെടുത്തണമെന്നും പ്രകാശ് അബേദ്കര്‍ ആവശ്യപ്പെട്ടു. ബിജെപിക്ക് ആര്‍ എസ് എസ് എങ്ങനെയാണോ തുണയാകുന്നത് അതുപോലെ കോണ്‍ഗ്രസ് സേവാദളിനെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ സംഭവിച്ചാല്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസിന് അധികാരത്തിലേറാമെന്നും പ്രകാശ് അംബേദ്കര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തിലെ വിമുഖത കോണ്‍ഗ്രസ് മാറ്റണം. ചെറിയ പാര്‍ട്ടികള്‍ക്കും അവരുടേതായ ശക്തിയുണ്ടെന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!