ഛത്തീസ്‌ഗഡിൽ മുതലയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കുന്നു

By Web TeamFirst Published Aug 24, 2019, 6:36 PM IST
Highlights

ഗ്രാമീണമായ ആചാരങ്ങൾ പ്രകാരമാണ് ഗ്രാമവാസികൾ മുതലയുടെ മൃതശരീരം സംസ്കരിച്ചത്

റായ്‌പുർ: ചത്തുപോയ മുതലയ്ക്ക് വേണ്ടി ക്ഷേത്രം പണിയാൻ ഛത്തീസ്‌ഗഡിലെ ഗ്രാമവാസികൾ തീരുമാനിച്ചു. ബവമൊഹത്ര ഗ്രാമത്തിൽ ഇതിനായി കെട്ടിടം പണി പൂർത്തിയായി. ഗ്രാമത്തിലെ കുളത്തിൽ ഉണ്ടായിരുന്ന 130 വയസുള്ള മുതല ഈ വർഷം ജനുവരിയിലാണ് ചത്തത്.

മനുഷ്യരെ ഒരിക്കലും ആക്രമിച്ചിട്ടില്ലാത്ത മുതലയെ ഗംഗാറാം എന്നാണ് ഗ്രാമവാസികൾ വിളിച്ചിരുന്നത്. ജനുവരി എട്ടിനാണ് മുതല ചത്തത്. മുതലയുടെ മൃതശരീരം ഏറ്റെടുക്കാൻ എത്തിയ വനംവകുപ്പ് അധികൃതരെ മടക്കി അയക്കാൻ നാല് മണിക്കൂറിലേറെ നേരം ഗ്രാമവാസികൾ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ഗ്രാമീണമായ ആചാരങ്ങൾ പ്രകാരം മുതലയുടെ മൃതശരീരം സംസ്കരിക്കാമെന്നാണ് ഗ്രാമവാസികൾ വനംവകുപ്പ് ജീവനക്കാർക്ക് നൽകിയ മറുപടി.

വിശുദ്ധ ആത്മാവായിരുന്നു മുതലയുടേതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അതിനാലാണ് ഇത് മനുഷ്യരെ ആക്രമിക്കാതിരുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഇതിനാലാണ് ക്ഷേത്രം പണിയണം എന്ന ആവശ്യം ഉയർന്നത്. നർമ്മദ ദേവിയുടെയും മുതലയുടെയും പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നാണ് ഗ്രാമവാസികൾ വ്യക്തമാക്കിയത്. ക്ഷേത്ര കെട്ടിടം നിർമ്മാണത്തിലിരിക്കെ തന്നെ നിരവധി പേരാണ് ഇവിടെ പ്രാർത്ഥിക്കാനെത്തിയത്.

click me!