രാഷ്ട്രീയക്കാര്‍ പേടിച്ച 13-ാം നമ്പറിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രണബ്

By Web TeamFirst Published Sep 1, 2020, 8:46 AM IST
Highlights

ആദ്യമായി പാര്‍ലമെന്‍റ് അംഗമായ കാലം മുതൽ രാഷ്ട്രപതിയായി പോകുന്നതുവരെ പ്രണബ് താമസിച്ചത് താൽക്കത്തോറയിലെ 13-ാം നമ്പര്‍ വീട്ടിലായിരുന്നു. അങ്ങനെ നിര്‍ണായകമായ താൽക്കത്തോറ റോഡിലെ പതിമൂന്നാം നമ്പര്‍ വീട് ചരിത്രത്തിന്‍റെ ഭാഗമായി

ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തിലെ പലർക്കും സ്വീകാര്യമായ നമ്പറല്ല 13. പക്ഷേ പ്രണബ് മുഖര്‍ജി പതിമൂന്ന് ഭാഗ്യ നമ്പറായി കരുതി. ആദ്യമായി പാര്‍ലമെന്‍റ് അംഗമായ കാലം മുതൽ രാഷ്ട്രപതിയായി പോകുന്നതുവരെ പ്രണബ് താമസിച്ചത് താൽക്കത്തോറയിലെ 13-ാം നമ്പര്‍ വീട്ടിലായിരുന്നു. അങ്ങനെ നിര്‍ണായകമായ താൽക്കത്തോറ റോഡിലെ പതിമൂന്നാം നമ്പര്‍ വീട് ചരിത്രത്തിന്‍റെ ഭാഗമായി.

1984ന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ജൻപഥിലെ പത്താം നമ്പര്‍ വസതിയായിരുന്നു. രാജീവ് ഗാന്ധിക്ക് ശേഷം സോണിയ ഗാന്ധി പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്നപ്പോഴും 10- ജൻപഥ് തന്നെയായിരുന്നു രാഷ്ട്രീയ ചലനങ്ങളുടെ പ്രഭവ കേന്ദ്രം. തൊണ്ണൂറുകളുടെ അവസാനം മറ്റൊരു തന്ത്രപ്രധാന കേന്ദ്രം കൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നു.

അതാണ് താൽക്കത്തോറ റോഡിലെ 13-ാം നമ്പര്‍ വീട്. പാര്‍ലമെന്‍റ് അംഗം എന്ന നിലയിൽ കിട്ടിയ ഈ ഔദ്യോഗിക വസതിയിലായിരുന്നു രാഷ്ട്രപതിയാകുന്നതുവരെ പ്രണബ് താമസിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും കൂടുതൽ ചിലവഴിച്ചത് ഈ വസതിക്ക് മുന്നിലായിരിക്കും. ഒരു പക്ഷേ പത്ത് ജൻപഥിനെക്കാൾ കൂടുതലെന്നു വേണമെങ്കില്‍ പറയാം.

തെലങ്കാന തര്‍ക്കങ്ങൾ, ആണവകരാര്‍ ചര്‍ച്ചകൾ അങ്ങനെ രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരുപാട് വിഷയങ്ങൾ ഈ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഒന്നാം യുപിഎ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം നേരിട്ടപ്പോഴും സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തന്ത്രപരായ നീക്കങ്ങൾ നടന്നത് ഈ വീട്ടിലായിരുന്നു. എല്ലാ തര്‍ക്കങ്ങളുടെയും മധ്യസ്ഥന്‍റെ ഇടമായും ഈ വീട് മാറി.

പ്രണബിനെ സംബന്ധിച്ച് വീട് മാത്രമല്ല, പ്രധാന കാര്യങ്ങൾ, ഓഫീസ് മുറികൾ, പ്രധാന വിശേഷങ്ങൾ ഒക്കെ 13-ാം തിയതിയോ, 13 എന്ന നമ്പരിലോ ആയിരിക്കും. പ്രണബവിന്‍റെ വിവാഹം നടന്നതും ഒരു 13-ാം തീയതി ആയിരുന്നു. അങ്ങനെ പല നേതാക്കളും ദോഷമെന്ന് കരുതുന്ന 13 പ്രണബിന് പ്രിയ നമ്പറായി മാറി.

താൽക്കത്തോറയിലെ വീട്ടിൽ പ്രണബിന് ശേഷം അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖര്‍ജി അഞ്ച് വര്‍ഷം താമസിച്ചു. തീൻമൂര്‍ത്തി പോലെ, സഫ്ദര്‍ ജംഗ് പോലെ, ജൻപഥ് പോലെ, താൽക്കത്തോറയിലെ ഈ വസതിയും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാകുന്നു. 

click me!