
ദില്ലി: ആര്‍എസ്എസുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. സോണിയ സിങ് എഴുതിയ ഡിഫൈനിങ് ഇന്ത്യ: ത്രൂ ദെയര്‍ ഐസ്(defining India:Through their eyes) എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. ലേഖികയുടെ ചോദ്യത്തിനുത്തരമായാണ് എന്തുകൊണ്ടാണ് ആര്‍എസ്എസ് വേദിയില്‍ പോയത് എന്നതിന് പ്രണബ് മുഖര്‍ജി കാരണം വ്യക്തമാക്കിയത്.
'നിങ്ങളുടെ വഴി തെറ്റാണെന്ന് എനിക്ക് പറയണമായിരുന്നു. ബഹുസ്വരതയും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ ആത്മാവ്. നൂറ്റാണ്ടുകളെടുത്ത് ഉരുത്തിരിഞ്ഞുവന്നതാണ് നമ്മുടെ ബഹുസ്വര സംസ്കാരം. മതനിരപേക്ഷതയും ഉള്‍ക്കൊള്ളലും നമ്മുടെ വിശ്വാസത്തിന്‍റെ ഭാഗമായിരുന്നു. ഇങ്ങനെ കൂടിച്ചേര്‍ന്ന സംസ്കാരമാണ് നമ്മളെ ഒരു രാജ്യമാക്കി മാറ്റിയത്. എന്നാല്‍, ആര്‍എസ്എസ് ഇതില്‍നിന്ന് വ്യതിചലിച്ചാണ് നീങ്ങുന്നത്. നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് 'സിംഹത്തിന്‍റെ മടയില്‍' പോയി പറയണമായിരുന്നു. ആ വേദി ഞാന്‍ അതിനായി ഉപയോഗിച്ചെന്ന് പ്രണബ് പറഞ്ഞതായി ലേഖിക പുസ്തകത്തില്‍ പറയുന്നു.
നമ്മുടെ അസ്തിത്വം മതത്തിലധിഷ്ടിതമായ രാഷ്ട്രീയത്തിലും അസഹിഷ്ണുതയിലും വെറുപ്പിലും വിഭജനത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ ദേശീയതയെ ശരിയായി നിര്‍വചിക്കാനുള്ള ശ്രമമായിരുന്നു അതെന്നും പ്രണബ് മുഖര്‍ജി വെളിപ്പെടുത്തുന്നു.
ഭാരതരത്ന പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായിരുന്നെങ്കിലും വ്യക്തിപരമായ നേട്ടം മാത്രമായിരുന്നില്ല. ഒരു കോണ്‍ഗ്രസുകാരന്‍റെ നേട്ടമായിരുന്നു അത്. ഭാരതരത്ന ലഭിച്ചപ്പോള്‍ ഏറ്റവും മനോഹരമായി എന്നെ അഭിനന്ദിച്ചത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹമത് കൃത്യമായി ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമ്മില്‍ സാമ്യത്തേക്കാളേറെ വൈരുദ്ധ്യങ്ങളാണുള്ളതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ശരീരത്തിന്‍റെ ഓരോ അണുവിലും ഇന്ദിരാഗാന്ധി സെക്കുലറായിരുന്നു. ചില രാഷ്ട്രീയ തീരുമാനങ്ങളില്‍ മാത്രമായിരുന്നു ഇരുവര്‍ക്കും സാമ്യത. അധികാരത്തിലിരുന്നപ്പോള്‍ ഇരുവരും രണ്ട് തവണ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചു. ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം.
ഹിന്ദുത്വം രാഷ്ട്രീയ ആയുധമാക്കിയുള്ള ബിജെപിയുടെ ഭരണം താല്‍ക്കാലികമാണ്. രാജ്യത്തിന് കോണ്‍ഗ്രസിനെ ആവശ്യമുണ്ട്. കോണ്‍ഗ്രസില്ലെങ്കില്‍ രാജ്യം വിഭജിക്കപ്പെടും. നിലവിലെ സാഹചര്യം സ്ഥിരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
2018 ജൂണ്‍ ആറിനാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രസംഗിച്ചത്. പ്രണബ്മുഖര്‍ജിയുടെ പ്രസംഗം മിക്ക ടിവി ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ച പ്രണബ് മുഖര്‍ജിക്കെതിരെ കോണ്‍ഗ്രസുകാരില്‍നിന്ന് വ്യാപകമായ വിമര്‍ശനമേറ്റു.
ആര്‍എസ്എസ് സ്ഥാപകനെ രാജ്യസ്നേഹിയെന്ന് വിളിച്ചതിനാലാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത രത്ന ലഭിച്ചതെന്നും ആരോപണമുയര്‍ന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി രംഗത്തെത്തിയതും വിവാദമായി. എന്നാല്‍, പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam